ഗവർണറെ അങ്ങനെ എളുപ്പം നീക്കാനാവില്ല; ഓർഡിനൻസ് ഒപ്പിടില്ലെന്നും രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവർണർ

തിരുവനന്തപുരം: ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള ഓർഡിനൻസ് ഒപ്പിടില്ലെന്നും രാഷ്ട്രപതിക്ക് അയയ്ക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
ഗവർണറുടെ ചാൻസലർ പദവി എടുത്തുമാറ്റുന്ന കരട് ബിൽ ഡിസംബർ അഞ്ചിന് പ്രത്യേക നിയമസഭാസമ്മേളനം വിളിച്ച് അവതരിപ്പിക്കാനായിരുന്നു ആലോചന. ഉടനടി നടപടിയിലേക്ക് നീങ്ങണമെന്ന രാഷ്ട്രീയ നിലപാടിനെ തുടർന്നാണ് ഓർഡിനൻസിന് തീരുമാനമായത്. ഓർഡിനൻസിൽ ഒപ്പുവയ്ക്കാതെ ഗവർണർ രാഷ്ട്രപതിക്ക് അയച്ചുകൊടുക്കുകയാണെങ്കിൽ രാഷ്ട്രപതി അന്തിമതീരുമാനമെടുക്കും വരെ പകരമുള്ള ബിൽ സഭയിൽ കൊണ്ടുവരാനാവില്ല. ഫലത്തൽ ചാൻസലറായി ഗവർണർ തന്നെ തുടരും.
ഗവർണർക്ക് എതിരായ രാഷ്ട്രീയസന്ദേശമായാണ് ഓർഡിനൻസിനെ കാണുന്നതെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. ഓർഡിനൻസിനെതിരെ പ്രതിപക്ഷവും ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്.
ചാൻസലർ പദവിയിൽ നിന്ന് തന്നെ മാറ്റാനുള്ള ഓർഡിനൻസ് ഗവർണർ ഒപ്പുവയ്ക്കാതെ രാഷ്ട്രപതിക്ക് അയച്ചാൽ, രാഷ്ട്രപതി കേന്ദ്രത്തിന്റെ ഉപദേശം തേടും. ഗവർണർക്ക് വിരുദ്ധമായി കേന്ദ്രം നിലപാടെടുക്കാനും സാദ്ധ്യതയില്ല. എന്തിനാണ് ചാൻസലറെ മാറ്റുന്നതെന്ന് സർക്കാർ ബോദ്ധ്യപ്പെടുത്തണമെന്ന ഗവർണറുടെ വാക്കുകൾ ഓർഡിനൻസിന്റെ ഭാവിയെക്കുറിച്ചുള്ള സൂചനയാണ്.
സർവകലാശാലകളിലെ രാഷ്ട്രീയ അതിപ്രസരം കാരണം ചാൻസലർ പദവിയൊഴിയുന്നതായി ഗവർണർ നേരത്തേ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. രാഷ്ട്രീയ ഇടപെടലുണ്ടാവില്ലെന്ന് രേഖാമൂലം മുഖ്യമന്ത്രി ഉറപ്പുനൽകിയാണ് അന്ന് അനുനയിപ്പിച്ചത്. ഗവർണർ തുടരുന്നതാണ് സർക്കാരിന് താത്പര്യമെന്നറിയിച്ച് മുഖ്യമന്ത്രി അയച്ച മൂന്നു കത്തുകളും ഗവർണറുടെ പക്കലുണ്ട്. അതും ഗവർണർ ആയുധമാക്കിയേക്കും.

Top News from last week.