പത്താമത് ദേശീയ ആയുര്‍വേദ ദിനാചരണത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പും നാഷണല്‍ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിച്ച വിളംബര ജാഥ കെ.വി സുമേഷ് എം എല്‍ എ കലക്ടറേറ്റ് പരിസരത്ത് ഫ്ളാഗ് ഓഫ് ചെയ്തു. ചികിത്സാ രീതികളില്‍ പ്രഥമ സ്ഥാനമാണ് ആയുര്‍വേദത്തിനുള്ളതെന്നും ഇതിനെ പരിപോഷിക്കാന്‍ വലിയ പരിശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും എം എല്‍ എ പറഞ്ഞു. കണ്ണൂര്‍ കലക്ടറേറ്റ് മുതല്‍ പഴയ ബസ് സ്റ്റാന്റ് വരെയാണ് വിളംബര ജാഥ.
ആയുര്‍വേദം മാനവരാശിക്കും ഭൂമിക്കും എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ആയുഷ് ജീവനക്കാര്‍, ഐ എസ് എം ജീവനക്കാര്‍ എന്നിവര്‍ വിളംബര ജാഥയില്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി പറശ്ശിനിക്കടവ് എം വി ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍ ഫ്ളാഷ് മോബ്, തെരുവ് നാടകം എന്നിവ അവതരിപ്പിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി.സി ദീപ്തി, ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.സി അജിത് കുമാര്‍, ഐ എസ് എം ഓഫീസ് എസ് എസ് കെ സി മഹേഷ്, ജില്ലാ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ജഷി ദിനകര്‍, എ എം ഐ ജില്ലാ സെക്രട്ടറി അനൂപ് ഭാസ്‌കര്‍ എന്നിവര്‍ സംസാരിച്ചു.
(പടം)
ജില്ലാതല ഉദ്ഘാടനം 27 ന്
പത്താമത് ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ 27 ന് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. പരിപാടിയോടനുബന്ധിച്ച് ആരോഗ്യദായകമായ ഭക്ഷണ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ‘ആയുര്‍ രുചി ഫുഡ് എക്സ്പോ’ സംഘടിപ്പിക്കും. എല്ലാ പഞ്ചായത്തുകളിലും ക്ലാസ് / മെഡിക്കല്‍ ക്യാമ്പുകളും വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും പൊതുജനങ്ങള്‍ക്കായി റീല്‍സ് മത്സരവും സംഘടിപ്പിക്കും. സ്‌കൂളുകളിലും പൊതു ഇടങ്ങളിലും ഔഷധ തോട്ടങ്ങള്‍ ഒരുക്കും.
ക്ലിനിക്കുകളുടെ ഉദ്ഘാടനം ചൊവ്വാഴ്ച
ജില്ല ആയുര്‍വേദ ആശുപത്രിയില്‍ 50 ലക്ഷം രൂപ ചെലവില്‍ പ്രവര്‍ത്തന സജ്ജമാക്കിയ റെറ്റിന ക്ലിനിക്, ജീവിതശൈലി രോഗ ക്ലിനിക്, തളിപ്പറമ്പ് ആയുര്‍വേദ ആശുപത്രിയിലെ സന്ധിരോഗ ക്ലിനിക്, പാട്യം ആയുര്‍വേദ ആശുപത്രിയിലെ ആയുര്‍ കര്‍മ ക്ലിനിക്, പരിയാരം ഗവ. ആയുര്‍വേദ കോളേജില്‍ അമ്മയ്ക്കും കുഞ്ഞിനുമുള്ള സുപ്രജ ക്ലിനിക് എന്നിവയുടെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് സെപ്റ്റംബര്‍ 23 ചൊവ്വാഴ്ച വൈകീട്ട് നാല് മണിക്ക് ഓണ്‍ലൈനായി നിര്‍വഹിക്കും.









