ന്യൂഡൽഹി: വഖഫ് നിയമം ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇടക്കാല ഉത്തരവിനായി മാറ്റി. നിയമം സ്റ്റേ ചെയ്യണോ എന്നതിൽ ചീഫ് ജസ്റ്റിസ് ബിആർ ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ്ജ് മാസി എന്നിവർ ഉൾപ്പെട്ട ബെഞ്ച് പിന്നീട് തീരുമാനമെടുക്കും. ഇസ്ലാം മതം പിന്തുടരുന്നവർക്ക് മാത്രമായി വഖഫ് പരിമിതിപ്പെടുത്തിയെന്നായിരുന്നു വാദം കേൾക്കുന്നതിനിടെ സുപ്രീം കോടതിയുടെ നിരീക്ഷണം. വഖഫ് ഭേദഗതി നിയമത്തിൽ ഭരണഘടനാ വിരുദ്ധതയില്ലെന്നായിരുന്നു സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിന്റെ വാദം. നിയമം സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിന് അടിസ്ഥാനമില്ലെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ നിലപാടെടുത്തു.
വഖഫ് നിയമത്തിൽ നിർവചിച്ച പട്ടികവർഗ്ഗ മേഖലയിലെ ജനവിഭാഗങ്ങളുടെ സ്വത്ത് സംരക്ഷണം ഭരണഘടനാപരമാണെന്നും കേന്ദ്ര സർക്കാർ പറഞ്ഞു. സുപ്രീം കോടതി മുൻകാല വിധിയിലൂടെ ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. പട്ടികവർഗ്ഗ മേഖലയിലെ ഭൂമി കൈമാറ്റത്തിന് സംസ്ഥാന നിയമങ്ങളുടെ വിലക്കുണ്ട്. എന്നാൽ വഖഫ് ആയി മാറ്റിയാൽ മുത്തവല്ലിയുടെ താൽപര്യാനുസൃതം ഭൂമി കൈകാര്യം ചെയ്യാനാകും. മതവിശ്വാസം പാലിക്കുന്നവർക്ക് മാത്രമേ വഖഫ് നൽകാനാവൂ എന്നതും നിയമാനുസൃതമാണ്. വഖഫ് തട്ടിപ്പ് ഒഴിവാക്കുന്നതിനായാണ് ഈ നടപടിയെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം.
2013 വരെയുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഏതൊരാൾക്കും വഖഫ് നൽകാമെന്ന വ്യവസ്ഥ ഒഴിവാക്കിയത്. ഹിന്ദുക്കൾക്ക് മസ്ജിദ് നിർമ്മിക്കണമെങ്കിൽ ട്രസ്റ്റ് രൂപീകരിക്കാം, വഖഫ് ചെയ്യുന്നതെന്തിനെന്നും കേന്ദ്ര സർക്കാർ വാദിച്ചു. ശരിഅത്ത് നിയമവും വഖഫും ബാധകമാകണമെങ്കിൽ ഇസ്ലാം മതവിശ്വാസിയാണെന്ന് തെളിയിക്കണമെന്നും കേന്ദ്ര സർക്കാരിന്റെ മറുപടി വാദം. നിയമ വിരുദ്ധമെങ്കിൽ പ്രസ്തുത വകുപ്പുകൾ സുപ്രീംകോടതിക്ക് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കാമെന്നും കേന്ദ്ര സർക്കാർ പറഞ്ഞു. 2010-ലെ സുപ്രീംകോടതി വിധിയനുസരിച്ച് മുസ്ലിം ഇതര വിഭാഗങ്ങൾക്കും വഖഫ് നൽകാമെന്നും ഇത് ഭേദഗതി നിയമത്തിൽ നിന്ന് ഒഴിവാക്കിയെന്നും ഹർജിക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
സംസ്ഥാന സർക്കാരുകളുടെ വീഴ്ചയ്ക്കാണ് മതസമൂഹത്തെ കുറ്റക്കാരാക്കുന്നതെന്നാണ് ഹർജിക്കാരുടെ മറുപടി വാദം. തർക്കം ഉയർന്നാൽത്തന്നെ സ്വത്തിന്റെ വഖഫ് പദവി നഷ്ടപ്പെടും. ഇസ്ലാം മതസമൂഹത്തിന്റെ അവകാശമാണ് നഷ്ടപ്പെടുത്തുന്നത്. ശവസംസ്‌കാരത്തിനായി 200 വർഷം മുൻപ് സർക്കാർ വിട്ടുനൽകിയ ഭൂമി എങ്ങനെ തിരിച്ചെടുക്കാനാകും. ഭൂമി സർക്കാർ തിരിച്ചെടുക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും വഖഫ് നിയമ ഭേദഗതിയെ എതിർത്ത് ഹർജിക്കാർ വാദിച്ചു.
വഖഫ് കൗൺസിലുകളിൽ മാറ്റം വരുത്തുന്നത് എന്തിനെന്നും ദാനത്തിന്റെ കാര്യത്തിൽ ഇസ്ലാം മതവും ഇതര മതങ്ങളുമായി വ്യത്യാസമുണ്ടെന്നും ഹർജിക്കാർ അറിയിച്ചു. ഇസ്ലാം മതത്തിൽ ദൈവത്തിനാണ് ദാനം നൽകുന്നതെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രീംകോടതിയെ അറിയിച്ചു. ഇതര മതവിഭാഗങ്ങൾ ദാനം നൽകുന്നതെന്നും വഖഫ് എന്ന ആശയത്തിന്റെ അടിസ്ഥാനം തന്നെ ഇല്ലാതാക്കിയെന്നും ആയിരുന്നു ഹർജിക്കാരുടെ വാദം.






