75 ദിവസത്തിനിടെ സ്വയം ജീവനൊടുക്കിയത് 1785 പേർ; കണ്ണൂരിലിത് 157

 

 

 

കണ്ണൂർ: പുതുവർഷം പിറന്നിട്ട് ഇന്നേക്ക് 85 ദിവസം. രണ്ടാഴ്ച മുമ്പുവരേയുള്ള കണക്കെടുപ്പിലെ വിവരം കേട്ട് അമ്പരക്കുകയാണ് കേരളം. 75 ദിവസങ്ങൾക്കിടെ 1785 മനുഷ്യരാണ് കേരളത്തിൽ ആത്മഹത്യ ചെയ്തത്. ആഭ്യന്തരവകുപ്പിന്റെ പുതിയ കണക്കാണിത്. കാരണമറിയാത്തതോ മൂടിവെക്കപ്പെട്ടതോ ആയ ആത്മഹത്യകൾക്ക് വേറെ കണക്കിലാണിടം.

 

ജനുവരി മുതൽ ഈ മാസം 16 വരേ വിവിധ ജില്ലകളിൽ 1785 ജീവനുകളാണ് ഒരുകുപ്പി വിഷത്തിലോ ഒരുമുഴം കയറിലോ വേറെ മാർഗങ്ങളിലൂടെയോ അവസാനിപ്പിച്ചത്. കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും ഇതിനുപുറമേയുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ആത്മഹത്യാ നിരക്ക് ക്രമാതീതമായി ഉയർന്നിരിക്കുകയാണ്.

 

ദാമ്പത്യത്തകർച്ച, പ്രണയ നൈരാശ്യം, ലഹരി, മാനസിക പ്രശ്നങ്ങൾ, സാമ്പത്തികബാധ്യത തുടങ്ങിയവയാണ് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. മാരകമായ അസുഖം, ഭീമമായ കട ബാധ്യത എന്നിവകൊണ്ടും കുടുംബത്തോടൊപ്പം കൂട്ട ആത്മഹത്യ ചെയ്തവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ദാമ്പത്യപ്രശ്നങ്ങളാൽ കുട്ടികളെകുരുതികൊടുത്തുള്ള ആത്മഹത്യ ചെയ്തവരുടെ എണ്ണവും കുറവല്ല. യുവാക്കളിലും കൗമാരക്കാരിലുമാണ് കൂടുതൽ ആത്മഹത്യകളെന്നതും ഗൗരവ നിരീക്ഷണം അർഹിക്കുന്നു. ആത്മഹത്യകളിൽ 15 ശതമാനത്തിലും ലഹരിയുടെ ഉപയോഗവും തിരിച്ചറിഞ്ഞിട്ടുണ്ട്.

 

രണ്ട് വർഷമായി ആത്മഹത്യാ നിരക്ക് കൂടി വരുന്നതായി ആഭ്യന്തര വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. 2023ൽ 10,724 പേരാണ് സ്വയം ജീവിതമവസാനിപ്പിച്ചത്. കഴിഞ്ഞ വർഷം 10,779 ആയി അതുയർന്നു. എന്നാൽ ഈ വർഷം രണ്ടര മാസത്തിനിടെ തന്നെ 1785 ആയി വളർന്നു. കൂടുതൽ ആത്മഹത്യ റിപ്പോർട്ട് ചെയ്തത് കൊല്ലം ജില്ലയിലാണ്. കൊല്ലം സിറ്റിയിൽ 133 പേരും, റൂറലിൽ 122 പേരുമടക്കം 255 പേരാണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം 71, പത്തനംതിട്ട 58, ആലപ്പുഴ 137, കോട്ടയം 35, ഇടുക്കി 86, എറണാകുളം 186, തൃശൂർ 209, പാലക്കാട് 191, മലപ്പുറം 120, കോഴിക്കോട് 157, വയനാട് 51, കണ്ണൂർ 157, കാസർകോട് 70, റെയിൽവേ പൊലിസിൽ റിപ്പോർട്ട് ചെയ്ത രണ്ടെണ്ണവുമുണ്ട്.

Top News from last week.

Latest News

More from this section