ഇറാന് ആയുധം നല്‍കിയാല്‍ 50% നികുതി; ട്രംപിന്റെ ഭീഷണി ഇന്ത്യയെ ബാധിക്കുമോ? ഇന്ത്യ- ഇറാന്‍ ബന്ധം എങ്ങനെ?

വീണ്ടും നികുതി ഭീഷണിയുമായി ട്രംപ്. ഇത്തവണ ഭീഷണി ഇറാന് ആയുധം നല്‍കുന്നവര്‍ക്ക്. 50% നികുതി ഇന്ത്യയെ ബാധിക്കുമോ? ഇന്ത്യ- ഇറാന്‍ വ്യാപാരത്തില്‍ അയുധങ്ങളും ഉണ്ടോ?ഇറാന്‍- യുഎസ് വെടിനിര്‍ത്തല്‍ കരാറാണ് കഴിഞ്ഞ കുറേ മണിക്കൂറുകളായി ലോകത്തെ ഏറ്റവും വലിയ ചര്‍ച്ചാവിഷയം. വെടിനിര്‍ത്തലിന് ശേഷം ഇസ്രായേല്‍ ലെബനനില്‍ നടത്തിയ വലിയ ആക്രമണത്തെ തുടര്‍ന്ന് ഇറാന്‍ വീണ്ടും ഹോര്‍മുസ് അടച്ചിരിക്കുകയാണ്. ലെബനന്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമല്ലെന്നാണ് ഇസ്രായേലും, യുഎസും പറയുന്നത്. അതേസമയം ഹോര്‍മുസ് തുറക്കുമെന്ന വ്യവസ്ഥയില്‍ ഇറാന്‍ മുന്നോട്ടുവച്ച 10 നിബന്ധനകള്‍ യുഎസ് അംഗീകരിച്ചിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ നിബന്ധനകളില്‍ ഇറാന്റെ സഖ്യകക്ഷികളെ ആക്രമിക്കരുതെന്ന് ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച നടക്കുന്ന ഇറാന്‍- യുഎസ് കൂടിക്കാഴ്ച വളരെ പ്രധാനമാണ്. അതിനിടെ ഇറാന് ആയുധം നല്‍കുന്ന രാജ്യങ്ങള്‍ക്ക് 50% നികുതി ചുമത്തുമെന്ന ഭീഷണിയും ട്രംപ് ഉയര്‍ത്തികഴിഞ്ഞു.
വീണ്ടും നികുതി ഭീഷണി

ഇറാന് ആയുധം നല്‍കുന്ന/ വിതരണം ചെയ്യുന്ന രാജ്യങ്ങള്‍ക്ക് 50 നികുതി ചുമത്തുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഭീഷണി. ഇത്തരം രാജ്യങ്ങളുടെ യുഎസിലേയുള്ള ഇറക്കുമതിക്കാകും 50% നികുതി ചുമത്തുക. ചൈന, റഷ്യ, വടക്കന്‍ കൊറിയ തുടങ്ങിയ രാജ്യങ്ങളെയാണ് ഈ ഭീഷണി കൊണ്ട് ട്രംപ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. വെടിനിര്‍ത്തല്‍ കരാറിനടിയിലും ഈ രാജ്യങ്ങളില്‍ നിന്ന് ഇറാനിലേയ്ക്ക് ആയുധങ്ങള്‍ ഒഴുകുന്നുവെന്ന വിലയിരുത്തലിലാണ് ട്രംപിന്റെ നീക്കംഇന്ത്യയെ ബാധിക്കുമോ?

ട്രംപിന്റെ 50% നികുതി ഭീഷണി ഇന്ത്യയെ ബാധിക്കുമോ എന്നതാണ് പ്രധാന ചോദ്യം. ഇല്ല എന്നതാണ് ഇതിനുള്ള ഉത്തരം. കാരണം ഇന്ത്യയ്ക്ക് ഇറാനുമായി പ്രതിരോധ ഇടപാടുകള്‍ ഒന്നും ഇല്ല. ഇന്ത്യ, ഇറാന് യാതൊരു വിധ ആയുധ സഹായവും നല്‍കുന്നില്ല. ഇന്ത്യയ്ക്ക് യുഎസ്, ഫ്രാന്‍സ്, ഇസ്രായേല്‍ പോലുള്ള രാജ്യങ്ങളുമായാണ് ആയുധ ബന്ധങ്ങളും, കരാറുകളും ഉള്ളത്. അതിനാല്‍ തന്റെ നിലവിലെ ട്രംപിന്റെ 50% നികുതി ഭീഷണി ഇന്ത്യയെ യാതൊരു വിധത്തിലും ബാധിക്കില്ല.



ഇന്ത്യ- ഇറാന്‍ ബന്ധം

ഇന്ത്യയ്ക്ക് ഇറാനുമായി ആയുധ ബന്ധങ്ങള്‍ ഒന്നുമില്ല. പക്ഷെ മികച്ച വ്യാപാര ബന്ധമുണ്ട്. പ്രധാനമായും എണ്ണയുടെ കാര്യത്തില്‍. സമാധാന ചര്‍ച്ചകള്‍ പാളുന്ന പക്ഷം യുഎസ് ഇറാനുമേലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ചില നടപടികള്‍ ഇന്ത്യയേയും ബാധിച്ചേക്കാം.

ഇന്ത്യ വര്‍ഷങ്ങള്‍ക്കു ശേഷം ഇറാനില്‍ നിന്നും വീണ്ടും എണ്ണ വാങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. കൂടാതെ ഇറാനിലെ ചബഹാര്‍ തുറമുഖവും ഇന്ത്യയ്ക്ക് പ്രധാനമാണ്. ഇവിടെ ഇന്ത്യ വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇറാനുമായി ചേര്‍ന്ന് ഇന്ത്യ നാവിക അഭ്യാസങ്ങളും നടത്തിയിട്ടുണ്ട്.

Top News from last week.

Latest News

More from this section