മോഷണക്കുറ്റം ആരോപിച്ച് ഏഴാം ക്ലാസുകാരന് ക്രൂരമർദ്ദനം: പിതൃസഹോദരനും ഭാര്യയ്ക്കുമെതിരെ കൊടുവള്ളി പോലീസ് കേസെടുത്തു


കോഴിക്കോട്: കൊടുവള്ളിയിൽ മോഷണക്കുറ്റം ആരോപിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കൊടുവള്ളി പോലീസ് കേസെടുത്തു. കുട്ടിയുടെ പിതൃസഹോദരൻ, അദ്ദേഹത്തിന്റെ ഭാര്യ എന്നിവർക്കെതിരെയാണ് നടപടി. മർദ്ദനം, മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ഉപദ്രവം, ബാലനീതി നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നേരത്തെ പരാതിയില്ലെന്ന കാരണം പറഞ്ഞ് പോലീസ് കേസ് എടുക്കാൻ മടിച്ചിരുന്നു. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) കുട്ടിയെ ഹാജരാക്കാൻ രക്ഷിതാക്കളോട് നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ സി.ഡബ്ല്യു.സിക്ക് മർദ്ദനത്തിന്റെ ഗൗരവം ബോധ്യപ്പെടുകയും, കേസെടുക്കാൻ കോഴിക്കോട് റൂറൽ എസ്.പിക്ക് നിർദ്ദേശം നൽകുകയുമായിരുന്നു. റൂറൽ എസ്.പിയുടെ ഇടപെടലിനെത്തുടർന്നാണ് കൊടുവള്ളി പോലീസ് നിലപാട് മാറ്റി പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.









