കണ്ണൂർ: തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബ് ചാനലുകളിലൂടെയും വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ മാനനഷ്ടക്കേസ് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി അറിയിച്ചു. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, സ്പീക്കർ, ഡി.ജി.പി എന്നിവർക്ക് പരാതി നൽകും. വ്യാജവാർത്ത നൽകിയ ചിലർ വിളിച്ച് മാപ്പ് ചോദിച്ചതായും കോൺഗ്രസ്, ബി.ജെ.പി നേതാക്കൾ പിന്തുണ അറിയിച്ചതായും അവർ പറഞ്ഞു.
ഏതോ എം.എൽ.എയുടെ ഭാര്യയെന്ന നിലയിൽ ഫാമിലി പെൻഷൻ വാങ്ങുന്നുവെന്ന പ്രചാരണം കടുത്ത മാനഹാനിയുണ്ടാക്കി. താനും പരേതനായ ഭർത്താവും അധ്യാപകരായിരുന്നു. മുൻപ് പി.ടി. തോമസും വ്യാജ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും അന്ന് രോഗാവസ്ഥയിലായതിനാൽ നിയമനടപടി എടുത്തിരുന്നില്ല. പി.കെ. ശശിക്കെതിരായ ആരോപണത്തിൽ ‘തീവ്രത’ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ അവർ, സൈബർ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.









