തിരുവനന്തപുരം: പതിറ്റാണ്ടുകളായുള്ള മലയാള സിനിമാ ലോകത്തിൻ്റെ നിരന്തര ആവശ്യത്തിന് സംസ്ഥാന സർക്കാറിന്റെ അംഗീകാരം. മലയാള സിനിമയ്ക്ക് ‘വ്യവസായ പദവി’ സംസ്ഥാന ബജറ്റിൽ മുഖ്യമന്ത്രി വി.ഡി സതീശൻ പ്രഖ്യാപിച്ചത് സിനിമാ മേഖലയ്ക്ക് വലിയ ഉണർവാകും.
‘ചിത്രനഗരം’ എന്ന പേരിൽ ജെ.സി. ഡാനിയേൽ ഇൻ്റർനാഷണൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്നതുൾപ്പെടെ ചലച്ചിത്ര മേഖലയെ പരിപോഷിപ്പിക്കുന്ന നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉള്ളത്.
മലയാള സിനിമാ മേഖലയെ വികസിപ്പിക്കാൻ ലക്ഷ്യമിട്ടാണ് സർക്കാർ സമഗ്ര പദ്ധതികൾ നടപ്പിലാക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് ജെ.സി. ഡാനിയേൽ ഇൻ്റർനാഷണൽ ഫിലിം സിറ്റി ‘ചിത്രനഗരം’ കൊച്ചിയിൽ സ്ഥാപിക്കുക. സിനിമയ്ക്ക് വ്യവസായ പദവി നൽകലും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി സ്ഥിരം വേദി സൃഷ്‌ടിക്കലും ബജറ്റിനെ ചരിത്രപരമാക്കുന്നു.
നേരത്തെ, ടൂറിസം- സാംസ്കാരിക- സിനിമ മന്ത്രി പി.സി വിഷ്ണുനാഥ് വിവിധ ചലച്ചിത്ര സംഘടനാ പ്രതിനിധികളുമായ് നടത്തിയ ചർച്ചയിൽ ഉയർന്നുവന്ന പ്രധാന ആവശ്യങ്ങളെല്ലാം ബജറ്റിൽ സർക്കാർ അംഗീകരിച്ചിരിക്കുകയാണ്.
ആൻ്റി പൈറസി സെല്ലുകൾ രൂപീകരിക്കൽ, ദേശീയ-അന്താരാഷ്ട്ര സിനിമ നിർമ്മാണത്തെ ആകർഷിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടുത്തൽ എന്നിവയും സർക്കാർ ലക്ഷ്യമിടുന്നു.
ഇതിനെല്ലാമായി 100 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്.
ബജറ്റിൽ ചരിത്രപരമായ പ്രഖ്യാപനമാണ് ഉണ്ടായതെന്നും വ്യവസായ പദവി ലഭിക്കുന്നതോടെ മലയാള ചലച്ചിത്ര ലോകം വാണിജ്യ പരമായും കലാപരമായും കൂടുതൽ ഉന്നതിയിലേക്ക് മുന്നേറാൻ അവസരം ഒരുക്കുമെന്നും വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. ചലച്ചിത്ര ലോകത്തിന്റെ ദീർഘകാല ആവശ്യങ്ങളോട് സർക്കാർ അനുകൂലമായ മനോഭാവമാണ് സ്വീകരിക്കുന്നത്. സിനിമയെ വ്യവസായമായും കലാപരമായും പരിപോഷിപ്പിക്കാനുള്ള സമഗ്ര പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.









