സമീപകാല ചരിത്രത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ ദിവസങ്ങളിലൂടെയാണ് റയൽ മാഡ്രിഡ് ഇപ്പോൾ കടന്ന് പോകുന്നത്. കളത്തിന് പുറത്തുള്ള ഫുട്ബോൾ നാടകം ആർക്കാണ് ഇഷ്ടമില്ലാത്തത്? എന്നാൽ, നിങ്ങൾ ഒരു
ആരാധകനാണെങ്കിൽ, ഇപ്പോൾ നിങ്ങളുടെ ഉത്തരം അല്ല എന്നായിരിക്കും, കാരണം ക്ലബ് അവരുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ ദിവസങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. പരിശീലനത്തിനിടെ ഔറേലിയൻ ചൗമേനിയും ഫെഡെ വാൽവെർദെയും തമ്മിൽ ഏറ്റുമുട്ടുകയും, വാൽവെർദെയെ തലയിൽ തുന്നലിടാനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതോടെ കാര്യങ്ങൾ വഷളായിരിക്കുകയാണ്.
തുടർച്ചയായ രണ്ടാം സീസണിൽ കപ്പൊന്നുമില്ലാതെ പഴി കേൾക്കേണ്ടി വരുന്ന റയൽ മാഡ്രിഡിന് ഇത് നിരാശയുടെ കാലമാണ്. ലാലിഗയിൽ പോയിന്റ് പട്ടികയിൽ ചിരവൈരികളായ ബാഴ്സലോണയേക്കാൾ 11 പോയിന്റ് പിന്നിലാണ് നിലവിൽ ക്ലബ്ബുള്ളത്. ഞായറാഴ്ച ഇരു ടീമുകളും തമ്മിലുള്ള എൽ ക്ലാസിക്കോ പോരാട്ടം നടക്കാനിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ബയേൺ മ്യൂണിക്കിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ഈ സീസണിലെ കിരീട പ്രതീക്ഷകൾ ഏകദേശം അവസാനിക്കുകയായിരുന്നു. കോപ്പ ഡെൽ റേയിൽ നിന്നും ടീം നേരത്തെ പുറത്തായിരുന്നു. തുടർച്ചയായ പരാജയങ്ങളും ടീമിനുള്ളിലെ വലിയ അസ്വാരസ്യങ്ങൾക്ക് കാരണമായിട്ടുണ്ട്.
അടിപൊട്ടിയ തർക്കങ്ങളുടെ തുടക്കം
ചൗമെനിയും വാൽവെർദെയും തമ്മിലുള്ള ആദ്യ സംഘർഷം ബുധനാഴ്ച നടന്നതായി അത്‌ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു. പരിശീലനത്തിന്റെ അവസാനം മിഡ്‌ഫീൽഡ് ജോഡികൾ തമ്മിൽ സംഘർഷമുണ്ടായി, അത് ഡ്രസ്സിംഗ് റൂമിനുള്ളിലും തുടർന്നു. വ്യാഴാഴ്ച, വാൽവെർദെയുടെ ശക്തമായ ഒരു ടാക്കിൾ ചൗമെനിയുമായി സംഘർഷത്തിന് കാരണമായതായി ഒന്നിലധികം വൃത്തങ്ങൾ അത്‌ലറ്റിക്കോയോട് വെളിപ്പെടുത്തി.
പരിശീലനം പൂർത്തിയാക്കിയ ശേഷം, വാൽവെർദെ ഫ്രഞ്ച് മിഡ്‌ഫീൽഡറെ നേരിട്ടു, വാക്കാലുള്ള തർക്കമായി തുടങ്ങിയത് പെട്ടെന്ന് ഒരു ശാരീരിക പോരാട്ടമായി മാറി. സംഘർഷത്തിനിടയിൽ, വാൽവെർദെയുടെ ബാലൻസ് തെറ്റി ഡ്രസ്സിംഗ് റൂമിലെ ഒരു മേശയിൽ തലയിടിച്ചു. മുൻകരുതൽ പരിശോധനകൾക്കായി അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അതിനുശേഷം ഡിസ്ചാർജ് ചെയ്തു.
അച്ചടക്ക നടപടികളുമായി റയൽ മാഡ്രിഡ്
സംഭവം വിവാദമായതോടെ വാൽവെർദെയ്ക്കും ചൗമേനിക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് റയൽ മാഡ്രിഡ് ഔദ്യോഗിക പ്രസ്താവനയിറക്കി. വാൽവെർദെക്ക് തലയ്ക്ക് പരിക്കേറ്റതായും 10 മുതൽ 14 ദിവസം വരെ വിശ്രമം ആവശ്യമാണെന്നും ക്ലബ് പ്രസ്താവനയിൽ അറിയിച്ചു. ഇതോടെ എൽ ക്ലാസിക്കോ ഉൾപ്പെടെയുള്ള വരാനിരിക്കുന്ന മത്സരങ്ങളിൽ താരം കളിക്കില്ലെന്ന് ഉറപ്പായി. ടീമിനുള്ളിലെ ഭിന്നത പരിഹരിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
പ്രതികരണവുമായി വാൽവെർദെ
സംഭവത്തെ കുറിച്ച് വാൽവെർദെ ഒരു നീണ്ട പ്രസ്താവന ഇറക്കി. താനും ചൗമെനിയും തമ്മിൽ ശാരീരികമായ ഒരു തർക്കവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “പരിശീലനത്തിനിടയിലെ സമ്മർദ്ദവും നിരാശയുമാണ് തർക്കത്തിന് കാരണമായത്. വാഗ്വാദത്തിനിടയിൽ അബദ്ധത്തിലാണ് മേശയിൽ എന്റെ തലയിടിച്ചത്. ചൗമേനി എന്നെ അടിക്കുകയോ ഞാൻ അദ്ദേഹത്തെ ഉപദ്രവിക്കുകയോ ചെയ്തിട്ടില്ല,” വാൽവെർദെ പറഞ്ഞു. ഈ സീസണിൽ ക്ലബിന്റെ മോശം പ്രകടനത്തിലും കിരീടങ്ങൾ നഷ്ടപ്പെട്ടതിലുമുള്ള മാനസിക വിഷമം തന്നെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നും സംഭവങ്ങളിൽ ആരാധകരോട് മാപ്പ് ചോദിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു
അടുത്ത നടപടി എന്ത്?
2006-ൽ റോബീഞ്ഞോയും തോമസ് ഗ്രേവ്‌സണും തമ്മിൽ സമാനമായ രീതിയിൽ ഏറ്റുമുട്ടിയിരുന്നു. ആ സംഭവവുമായി ബന്ധപ്പെട്ട് ഗ്രേവ്‌സണെ ക്ലബ്ബ് പുറത്താക്കിയിരുന്നു. അതുപോലെ ഈ സംഭവത്തെ തുടർന്ന് വാൽവെർദെയെയോ ചൗമേനിയെയോ വിൽക്കാൻ മാഡ്രിഡ് തയ്യാറാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഡ്രസ്സിംഗ് റൂമിനുള്ളിൽ പ്രശ്‌നമുണ്ടാക്കുന്നവരെ നേരിടാൻ ഭയപ്പെടാത്ത ക്ലബാണ് റയൽ മാഡ്രിഡ്.
ഷേക്സ്പിയർ നാടകങ്ങളേക്കാൾ വലിയ നാടകീയത നിറഞ്ഞ ഒരു സീസണിലൂടെയാണ് റയൽ മാഡ്രിഡ് കടന്നുപോകുന്നത്. സീസണിന്റെ പകുതിയിൽ പരിശീലകൻ സാബി അലോൺസോയെ പുറത്താക്കിയതും അർബെലോവയുടെ കീഴിലെ മോശം പ്രകടനവും ക്ലബ്ബിനെ വലിയ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. ഇതിനെല്ലാം ഇടയിലാണ് ഇപ്പോൾ കളിക്കാർ തമ്മിലുള്ള അടിപിടിയുടെ വാർത്തകളും പുറത്ത് വരുന്നത്.












