കണ്ണൂർ : പറശ്ശിനിക്കടവ് പുഴയിൽ വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ ഒഴുകുന്ന ഭക്ഷണശാല ഒരുങ്ങുന്നു. സ്വദേശാഭിമാൻ ദർശൻ പദ്ധതിയിൽ പറശിനിക്കടവിൽ തീർത്ഥാടന ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനാണ് ഒഴുകുന്ന ഭക്ഷണശാലയും കരകൗശല വസ്തുക്കളുടെ വിൽപ്പനശാലയും നിർമ്മിക്കുന്നത്.
3000 സ്ക്വയർ ഫീറ്റ് വീതമാണ് ഇവ രണ്ടിന്റെയും ഉപരിതല വിസ്തീർണ്ണം ഉണ്ടാക്കുക. നികുതിയുൾപ്പെടെ 1.90 കോടിയോളം രൂപയാണ് ഇവ ഓരോന്നിന്റെയും നിർമ്മാണ ചെലവ്. പറശിനിക്കടവ് ബോട്ട് ജെട്ടിക്കു സമീപത്തായാണ് ഭക്ഷണശാലയും വിൽപ്പനശാലയും സ്ഥാപിക്കുന്നത്.
ലൈഫ് ജാക്കറ്റ്, ഫയർ എക്യുപ്മെന്റ് തുടങ്ങി എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഇതിൽ ഉണ്ടാകും ഇതിന്റെ നിർമാണം പൊതു മേഖലാ സ്ഥാപനമായ കെല്ലിനെയാണ് ചുമതലപ്പെടുത്തിയത്. ഡിസംബർ അവസാനത്തോടെ നിർമാണം പൂർത്തിയാക്കി ജനുവരിയോടെ ഭക്ഷണ ശാല തുറന്നു കൊടുക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ.
ഹൈ ഡെൻസിറ്റി പോളി എത്തിലിൻ കൊണ്ട് നിർമ്മിച്ച 1100 വീതം ക്യൂബുകൾ ഉപയോഗിച്ച് ജലോപരിതലത്തിൽ തറ ഭാഗം നിർമ്മിച്ചു കഴിഞ്ഞു. വായു നിറഞ്ഞ എത്തിലിൻ അറകൾക്ക് മുകളിൽ അലൂമിനിയം ചെക്ക് ഗാർഡ് സ്ഥാപിച്ച ശേഷം പരവതാനി വിരിച്ച് മനോഹരമാക്കും. പോളി കാർബൺ, സ്റ്റീൽ എന്നിവ ഉപയോഗിച്ചുള്ള മേൽക്കൂര നിർമ്മാണം നടന്നു വരികയാണ്.
കരയിൽ നിന്ന് 10 മീറ്റർ അകലത്തിലാണ് ഒഴുകുന്ന ഭക്ഷണശാല സ്ഥിതി ചെയ്യുക. അടുക്കള, ഡൈനിംഗ് ഹാൾ, ഭക്ഷണ അവശിഷ്ടങ്ങൾ നിക്ഷേപിക്കാനുള്ള സ്ഥലം എന്നിവ ഒരുക്കും. പുഴയിലേക്ക് ഒരു തരത്തിലും ആളുകളോ മറ്റ് സാധനങ്ങളോ വീഴാത്ത രീതിയിലാണ് നിർമ്മാണം.