കൊച്ചി: പ്രൊഫ. എം കെ സാനു അന്തരിച്ചു. വൈകുന്നേരം 5 .35 നാണ് മരണം സംഭവിച്ചത്. 99 വയസായിരന്നു. എറണാകുളത്തെ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വീട്ടിൽ വെച്ച് ഉണ്ടായ ഒരു വീഴ്ചയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ന്യുമോണിയ ബാധിക്കുകയായിരുന്നു. നാളെ രാവിലെ എട്ടുമണിക്ക് മൃതദേഹം അമൃത ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവരും. രാവിലെ ഒമ്പതുമണി മുതൽ 10 വരെ വീട്ടിൽ പൊതുദർശനം ഉണ്ടാവും. രാവിലെ 10 മുതൽ എറണാകുളം ടൗൺ ഹാളിലായിരിക്കും പൊതുദർശനം.
മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച സാഹിത്യ നിരൂപകരിൽ ഒരാളാണ് വിടവാങ്ങിയത്. എഴുത്തുകാരൻ, പ്രഭാഷകൻ, ചിന്തകൻ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിൽ അദ്ദേഹം സംഭാവനകൾ നൽകിയിട്ടുണ്ട്. മലയാള സാഹിത്യ ലോകത്തിന് തീരാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മഹാരാജാസ് കോളേജ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ വിവിധ കോളേജുകളിൽ അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാർ അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. വാർധക്യത്തിലും സാഹിത്യ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു സാനു മാഷ്.
അസാധാരണമായ ഉൾക്കാഴ്ചയോട് കൂടിയ ജീവചരിത്ര രചനയിൽ അദ്ദേഹം പ്രാഗൽഭ്യം പുലർത്തിയ എഴുത്തുകാരനായിരുന്നു പ്രൊഫസർ സാനു. ശ്രീനാരായണ ഗുരുദേവൻറെ ദർശനങ്ങളെ മലയാളികളിൽ ആഴത്തിൽ ഇറങ്ങുന്ന വിധത്തിൽ മികച്ച രചനകൾ നടത്താൻ എംകെ സാനുവിന് സാധിച്ചിട്ടുണ്ട്. ചങ്ങമ്പുഴ കൃഷ്ണപിള്ളയെ കുറിച്ചുള്ള നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം എന്ന സാനു മാഷ് എഴുതിയ ജീവചരിത്ര പുസ്തകം മലയാളത്തിലെ എണ്ണം പറഞ്ഞ ജീവചരിത്ര പുസ്തകങ്ങളിൽ ഒന്നാണ്. പികെ ബാലകൃഷ്ണൻ, വൈക്കം മുഹമ്മദ് ബഷീർ തുടങ്ങി 40 ലധികം പേരുടെ ജീവചരിത്രം എംകെ സാനു രചിച്ചിട്ടുണ്ട്. പ്രായമായതിൻറെ അവശതകൾ അദ്ദേഹം തൻറെ എഴുത്തിലും സാമൂഹിക പ്രവർത്തനങ്ങളിലെ നാൾവഴികളിലും ഒരിക്കലും കാണിച്ചിരുന്നില്ല.









