സാധാരണക്കാർക്ക് കനത്ത തിരിച്ചടി: നിത്യോപയോഗ സാധനങ്ങൾക്ക് വീണ്ടും വില കൂട്ടാൻ എഫ്.എം.സി.ജി കമ്പനികൾ; കുടുംബ ബജറ്റ് താളം തെറ്റും


ന്യൂഡൽഹി: അസംസ്‌കൃത വസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റവും അന്താരാഷ്ട്രതലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും കാരണം പ്രമുഖ എഫ്.എം.സി.ജി ബ്രാൻഡുകൾ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വീണ്ടും വില വർധിപ്പിക്കാനൊരുങ്ങുന്നു. ജൂൺ പാദത്തിൽ 2 മുതൽ 5 ശതമാനം വരെ വില കൂട്ടിയതിന് പിന്നാലെയാണ് അടുത്ത സെപ്റ്റംബർ പാദത്തിലും പുതിയ വിലക്കയറ്റത്തിന് വഴിയൊരുങ്ങുന്നത്. ഇതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് കൂടുതൽ പ്രതിസന്ധിയിലാകും.

നേരിട്ട് വില കൂട്ടുന്നതിന് പുറമെ, പായ്ക്കറ്റുകളുടെ വില മാറ്റാതെ അതിലടങ്ങിയിരിക്കുന്ന ഉൽപ്പന്നത്തിന്റെ അളവ് കുറയ്ക്കുന്ന ‘ഷ്രിങ്ക്ഫ്ലേഷൻ’ തന്ത്രവും കമ്പനികൾ വ്യാപകമായി പ്രയോഗിക്കുന്നുണ്ട്. ചെറിയ പായ്ക്കറ്റുകളുടെ വില ഉയർത്തുമ്പോൾ ഉപഭോക്താക്കൾ അകന്നുപോകുന്നത് ഒഴിവാക്കാനാണ് ഉൽപ്പന്നത്തിന്റെ തൂക്കം കുറച്ച് ലാഭം നിലനിർത്താൻ കമ്പനികൾ ശ്രമിക്കുന്നത്. ക്രൂഡ് ഓയിൽ നിരക്ക്, നാണയപ്പെരുപ്പം, കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവയൊക്കെ വിലയിരുത്തിയാണ് കമ്പനികൾ തുടർനടപടികളിലേക്ക് കടക്കുന്നത്.
പ്രധാന കമ്പനികളുടെ വില വർധനാ പദ്ധതികൾ:
ബ്രിട്ടാനിയ: പഞ്ചസാര, പാം ഓയിൽ എന്നിവയുടെ വിലയനുസരിച്ച് സെപ്റ്റംബർ പാദത്തിൽ 1.5 മുതൽ 2 ശതമാനം വരെ വില കൂട്ടാൻ സാധ്യതയുണ്ട്. 5, 10 രൂപ പായ്ക്കറ്റ് ബിസ്‌ക്കറ്റുകളുടെ തൂക്കം കുറച്ചാകും ഇത് നടപ്പിലാക്കുക.
ഹിന്ദുസ്ഥാൻ യൂണിലിവർ: ജൂൺ പാദത്തിന് പിന്നാലെ സെപ്റ്റംബർ പാദത്തിലും വിവിധ ഉൽപ്പന്നങ്ങൾക്ക് 2 മുതൽ 5 ശതമാനം വരെ വില വർധനവ് വരുത്താൻ നീക്കം നടത്തുന്നു.
ഡാബർ: അസംസ്‌കൃത വസ്തുക്കളുടെ നിരക്ക് താഴാത്തതിനാൽ നാണയപ്പെരുപ്പത്തിന്റെ അധിക ബാധ്യത ഉപഭോക്താക്കളിലേക്ക് കൈമാറാൻ നിർബന്ധിതരാകുകയാണെന്ന് കമ്പനി വ്യക്തമാക്കി.
ഗോദ്‌റെജ് കൺസ്യൂമർ: മുൻ പാദത്തിന് സമാനമായി വരും മാസങ്ങളിലും 5 ശതമാനത്തോളം വില കൂട്ടാൻ സാധ്യതയുണ്ട്.
ടാറ്റ കൺസ്യൂമർ: ഉൽപ്പാദനച്ചെലവ് ഉയർന്ന നിലയിൽ തന്നെ തുടർന്നാൽ ഉൽപ്പന്നങ്ങളുടെ വില വീണ്ടും ഉയർത്തേണ്ടി വരുമെന്ന സൂചന നൽകി.









