നാവിൽ കപ്പലോടും മലബാർ സ്പെഷ്യൽ: ആവിയിൽ വെന്ത രുചികരമായ ഇറച്ചി കിണ്ണപത്തിരി!


ആവശ്യമായ ചേരുവകൾ

ഇറച്ചി മസാലയ്ക്ക്:
ഇറച്ചി (ചിക്കൻ അല്ലെങ്കിൽ ബീഫ്) – 250 ഗ്രാം
സവാള – 2 എണ്ണം (പൊടിയായി അരിഞ്ഞത്)
പച്ചമുളക് – 2-3 എണ്ണം (അരിഞ്ഞത്)
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
ഗരം മസാല – 1/2 ടീസ്പൂൺ
തക്കാളി – 1 ചെറുത് (അരിഞ്ഞത്)
മല്ലിയില, പുതിനയില – ആവശ്യത്തിന്
വെളിച്ചെണ്ണ, ഉപ്പ് – ആവശ്യത്തിന്
മാവിന് (പത്തിരിക്ക്):
പുഴുക്കലരി (പത്തിരിയരി) – 1 കപ്പ് (4-5 മണിക്കൂർ കുതിർത്തത്)
തേങ്ങ ചിരകിയത് – 1/2 കപ്പ്
ചെറിയ ഉള്ളി – 3-4 എണ്ണം
പെരുംജീരകം – 1/2 ടീസ്പൂൺ
മുട്ട – 1 എണ്ണം
മൈദ – 1 ടേബിൾ സ്പൂൺ
ഉപ്പ്, വെള്ളം – ആവശ്യത്തിന്
ഇറച്ചി മസാല തയ്യാറാക്കൽ
കഴുകി വൃത്തിയാക്കിയ ഇറച്ചി ആവശ്യത്തിന് ഉപ്പും അല്പം മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് വേവിച്ചെടുത്ത ശേഷം കഷണങ്ങൾ ചെറുതായി പിച്ചിയിടുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ വഴറ്റിയ ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കുക. ഇതിലേക്ക് തക്കാളി ചേർത്ത് വഴറ്റി, വേവിച്ചു വെച്ച ഇറച്ചിയും ചേർത്ത് നന്നായി വരട്ടിയെടുക്കുക. അവസാനം മല്ലിയിലയും പുതിനയിലയും വിതറി തണുക്കാൻ വെക്കുക.
മാവ് തയ്യാറാക്കൽ
കുതിർത്ത അരി, തേങ്ങ, ചെറിയ ഉള്ളി, പെരുംജീരകം, ആവശ്യത്തിന് വെള്ളം, ഉപ്പ് എന്നിവ ചേർത്ത് മിക്സിയിൽ നൈസായി അരച്ചെടുക്കുക. അതിലേക്ക് ഒരു മുട്ടയും 1 ടേബിൾ സ്പൂൺ മൈദയും ചേർത്ത് ഒന്നുകൂടി അടിച്ച്, ദോശമാവിനേക്കാൾ അല്പം അയഞ്ഞ പരുവത്തിൽ കലക്കിയെടുക്കുക.
കിണ്ണപത്തിരി ആവിയിൽ വേവിക്കൽ
അപ്പച്ചെമ്പിൽ വെള്ളം തിളപ്പിക്കാൻ വെച്ച ശേഷം എണ്ണ പുരട്ടിയ ഒരു സ്റ്റീൽ തട്ട് അതിൽ ഇറക്കിവെക്കുക. ഇതിലേക്ക് അരച്ചുവെച്ച മാവിന്റെ ഒരു ചെറിയ പാളി ഒഴിച്ച് അടച്ചുവെച്ച് 2-3 മിനിറ്റ് ആവിയിൽ വേവിക്കുക. മാവ് പകുതി ഉറച്ചു വരുമ്പോൾ തയ്യാറാക്കിവെച്ച ഇറച്ചി മസാല ഇതിനു മുകളിലേക്ക് വിതറിക്കൊടുക്കുക. വീണ്ടും അതിനു മുകളിലായി ബാക്കിയുള്ള മാവ് ഒഴിച്ച് മസാല പൂർണ്ണമായി മൂടുക. അടച്ചുവെച്ച് 15-20 മിനിറ്റ് മിതമായ തീയിൽ ആവിയിൽ വേവിച്ചെടുക്കുക. ചൂടാറിയ ശേഷം തട്ടിൽ നിന്ന് മാറ്റി കഷണങ്ങളാക്കി മുറിച്ചു ഉപയോഗിക്കാം.









