ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കളെ അഭിനന്ദിച്ചു
തിരുവനന്തപുരം: എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മലയാളത്തിന് അഭിമാനചാരുത പകർന്ന എല്ലാ കലാകാരന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും ടൂറിസം, സാംസ്കാരിക, സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അഭിനന്ദനം അറിയിച്ചു.മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ തേടി നാലാം തവണയും മികച്ച നടനുള്ള ദേശീയ പുരസ്കാരം എത്തിയതിൽ മന്ത്രി പ്രത്യേക സന്തോഷം രേഖപ്പെടുത്തി. വേഷപ്പകർച്ചകളിലൂടെ എന്നും വിസ്മയിപ്പിച്ച മമ്മൂട്ടിയെന്ന അഭിനേതാവിന്റെ വ്യത്യസ്തമായ ഭാവാവിഷ്കാരമായിരുന്നു ഭ്രമയുഗം എന്ന ചിത്രമെന്ന് മന്ത്രി പറഞ്ഞു. കൊടുമൺ പോറ്റി എന്ന അവിസ്മരണീയ കഥാപാത്രത്തിലൂടെ അഭിനയകലയുടെ കൊടുമുടി കയറിയ മമ്മൂട്ടിക്ക് ഇത്തവണ ദേശീയ പുരസ്കാരം ലഭിക്കുമെന്ന പ്രതീക്ഷ സിനിമാപ്രേമികൾക്കുണ്ടായിരുന്നുവെന്നും ആ പ്രതീക്ഷ പൂവണിഞ്ഞത് മലയാള സിനിമയുടെ അഭിമാന നിമിഷമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഭ്രമയുഗം ചിത്രത്തിന്റെ ഛായാഗ്രാഹകനായ ഷെഹ്‌നാദ് ജലാൽ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം നേടിയതിലും മന്ത്രി സന്തോഷം രേഖപ്പെടുത്തി. ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്രെയിമുകളിലൂടെ ഭ്രമാത്മകമായ നിഗൂഢതയും ഹൊറർ മൂഡും അതിഗംഭീരമായി ആവിഷ്കരിച്ച അദ്ദേഹത്തിന്റെ ദൃശ്യഭാഷ ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടത് മലയാള സിനിമയുടെ സാങ്കേതിക മികവിനുള്ള അംഗീകാരമാണെന്നും മന്ത്രി പറഞ്ഞു.
മലയാളത്തിന്റെ പ്രിയങ്കരിയായ ഗായിക വൈക്കം വിജയലക്ഷ്മിക്ക് ലഭിച്ച അംഗീകാരം ദേശീയ പുരസ്കാരത്തിന്റെ മാറ്റുകൂട്ടുന്നതാണെന്ന് മന്ത്രി പറഞ്ഞു. ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിലെ “അങ്ങ് വാനക്കോണില്‍ മിന്നിനിന്നൊരമ്പിളി, അമ്പിളിക്കലയ്ക്കുള്ളില്‍ ചോരക്കണ്‍ മുയല്‍…” എന്ന ഗാനം മലയാളികളുടെ ഹൃദയം കീഴടക്കിയിരുന്നു.
കഴിഞ്ഞ ഡിസംബറിൽ ഐ.എഫ്.എഫ്.കെയിൽ അഞ്ച് പുരസ്കാരങ്ങൾ നേടി ശ്രദ്ധേയമായ ഫെമിനിച്ചി ഫാത്തിമ ദേശീയ പുരസ്കാര വേദിയിലും അംഗീകാരം നേടിയത് സന്തോഷകരമാണെന്ന് മന്ത്രി പറഞ്ഞു. ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിച്ചപ്പോൾ തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ച ചിത്രമായിരുന്നു ഫെമിനിച്ചി ഫാത്തിമ. സ്വന്തം വീടുകളിലും അയൽപക്കത്തുമുണ്ടാകുന്ന സ്ത്രീകളുടെ ചെറുത്തുനിൽപ്പിന്റെയും അതിജീവനത്തിന്റെയും ഓർമ്മപ്പെടുത്തലാണ് ഫാസിൽ മുഹമ്മദ് ഒരുക്കിയ ഈ ചിത്രമെന്നും, സ്ത്രീപക്ഷ സിനിമയുടെ സുവർണ മുദ്രയായി ഫെമിനിച്ചി ഫാത്തിമ മാറുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
നോൺ-ഫീച്ചർ വിഭാഗത്തിൽ അനന്തജ്യോതി സംവിധാനം ചെയ്ത ഭദ്രകാളി നാടകം എന്ന ഡോക്യുമെന്ററി പ്രത്യേക ജൂറി പരാമർശത്തിന് അർഹമായതും മലയാളത്തിന്റെ മറ്റൊരു അഭിമാന നേട്ടമാണെന്ന് മന്ത്രി പറഞ്ഞു.എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ചന്തു ചാമ്പ്യൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ബോളിവുഡ് താരം കാർത്തിക് ആര്യനോടൊപ്പമാണ് മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടത്. മികച്ച നടിയായി യാമി ഗൗതം ഉൾപ്പെടെ ദേശീയ പുരസ്കാരം നേടിയ എല്ലാ കലാകാരന്മാർക്കും മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.









