തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന് ഓസ്‌ട്രേലിയയിലെ വിക്ടോറിയൻ പാർലമെൻറ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ക്ഷണം. വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നതിനും പാർലമെൻറിൻറെ ആദരവ് ഏറ്റുവാങ്ങുന്നതിനുമായാണ് ക്ഷണിച്ചിരിക്കുന്നത്. കേരളവും വിക്ടോറിയയുമായിട്ടുള്ള ആരോഗ്യ മേഖലയിലെ സഹകരണത്തിൻറെ അംഗീകാരമായിട്ടാണ് മന്ത്രിയെ ക്ഷണിച്ചിരിക്കുന്നത്.
ജൂൺ 19ന് വിക്ടോറിയൻ പാർലമെൻറ് സമ്മേളനത്തിലാണ് മന്ത്രി പങ്കെടുക്കുന്നത്. സംസ്ഥാനങ്ങളിലെ മന്ത്രിമാർക്ക് അപൂർവമായാണ് ഇത്തരമൊരു അവസരം ലഭിക്കുന്നത്. ഈ കാലയളവിൽ കേരളവും വിക്ടോറിയയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. സന്ദർശനത്തോടനുബന്ധിച്ച് വിക്ടോറിയയിലെ ആരോഗ്യ വകുപ്പ് മന്ത്രി, വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി എന്നിവരുമായി മന്ത്രി വീണാ ജോർജ് ചർച്ച നടത്തും.
കേരളത്തിൻറെ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിനെ നേരത്തെ വിക്ടോറിയൻ പാർലമെൻറ് സമിതി അഭിനന്ദിച്ചിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി സെക്രട്ടറിയേറ്റിൽ വച്ച് നടന്ന കൂടിക്കാഴ്ചയിലാണ് സമിതി കേരളത്തിന്റെ ആരോഗ്യ മേഖലയേയും പ്രത്യേകിച്ച് ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിനേയും അഭിനന്ദിച്ചത്. ഈ ജനകീയ കാൻസർ ക്യാമ്പയിൻ മഹത്തരമെന്ന് അവർ അഭിപ്രായപ്പെട്ടു. കാൻസർ പ്രതിരോധത്തിനും ബോധവൽകരണത്തിനും ചികിത്സയ്ക്കുമായാണ് ആരോഗ്യ വകുപ്പ് ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ കാൻസർ ക്യാമ്പയിൻ ആരംഭിച്ചതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.






