വരുന്നു , ഗോത്ര നിഘണ്ടു


ഒ.കെ. പ്രഭാകരൻ വട്ടം തട്ടയും ഡോ. വി.ടി.വി മോഹനനും


ചരിത്രത്തിൽ ഇരുൾ മൂടിയ ആദിവാസി ഗോത്ര സമൂഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായ വാക്കുകൾ മലയാള ഭാഷയിലേക്ക് നിഘണ്ടു രൂപത്തിൽ പ്രസിദ്ധീകരിക്കപ്പെടുകയാണ്. കാസർകോട് കണ്ണൂർ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഗോത്ര ജനതയാണ് മാവിലരും മലവേട്ടു വരും. ഈ രണ്ട് ഗോത്ര ജനതയെയും മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള പ്രയത്ന ത്തിന്റെ ഫലമാണ് ഈ രണ്ട് നിഘണ്ടുകളും. തളിപ്പറമ്പ് കോളേജ് ഹിന്ദി വിഭാഗം അധ്യാപകനും എഴുത്തുകാരനുമായ ഡോ. മോഹനൻ വിടിവിയും ഗോത്ര ജനതയുടെ എഴുത്തുകാരനുമായ ഒ കെ പ്രഭാകരൻ വട്ടംതട്ടയും ചേർന്നാണ് നിഘണ്ടുക്കൾ തയ്യാറാക്കി വരുന്നത്. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഡോ. മോഹനൻ വിടിവിയുടെ മലയാള ഭാഷാഭേദ നിഘണ്ടു ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒ കെ പ്രഭാകരൻ വട്ടം തട്ടയുടെ ഈയിടെ പ്രസിദ്ധീകരിക്കപ്പെട്ട ഇയ്യാമ ജോവ്വ് എന്ന പഠനഗ്രന്ഥം ഗോത്ര ജനതയുടെ അവകാശ പോരാട്ടങ്ങൾക്ക് വേണ്ടിയുള്ള ചരിത്രം വിവരിക്കുന്നു. ഏകദേശം 60,000 ത്തോളം വരുന്ന ജനസംഖ്യയുള്ള സമുദായങ്ങളാണ് മാവിലരും മലവേട്ടു വരും. കണ്ണൂർ ജില്ലയിലേക്ക് കുടിയേറി പാർത്ത മാവിലരുടെയും മലവേട്ടുവരുടെയും വാക്കുകൾ മിക്കതും മലയാളത്തോട് ചേർന്നുനിൽക്കുന്നു. തനത് ജീവിതം പുലർത്തി വരുന്ന ആദി ഗോത്ര കുടുംബങ്ങൾ മാവ്ളവ് ( അന്നം ഉത്പാദിപ്പിക്കുന്നവരുടെ ഭാഷ ) സംസാരിക്കുന്നു. മലവേട്ടുവരുടേത് മലവേട്ടുവൻ ഭാഷയുമാകുന്നു. ചിലയിടങ്ങളിൽ
മാവ്ളവ് എന്ന ഭാഷ മർക്കോളി തുളു എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ജീവിതത്തിന്റെ സുഖദുഃഖങ്ങളോട് ഐക്യപ്പെട്ടുകൊണ്ട് ജീവിക്കുന്ന ഈ ജനതയ്ക്കിടയിൽ സുഖമെന്നോ ദുഃഖമെന്നോ ഉള്ള മലയാളം വാക്കുകൾക്ക് സ്വന്തം വാക്കുകൾ നിലവിലില്ല. അച്ഛൻ എന്ന വാക്കിന് മാവുളു ഭാഷയിൽ അമ്മെയെന്നും അമ്മ എന്ന വാക്കിന് അപ്പെ എന്നും വിളിക്കുന്നു. ഭർത്താവ് മേരെയും മേര്ത്തിയും സഹോദരി മെഗ്തിയും അനുജൻ മെഗ്യെയും ആകുന്നു. ഈ നിഘണ്ടുകൾ കൂടാതെ ആദിവാസി ഗോത്ര സമൂഹങ്ങളായ മാവിലരുടെയും മലവേട്ടുവരുടെയും വാമൊഴികളെ വരമൊഴിയിലേക്ക് എത്തിക്കുന്നതിനും അവരുടെ ജീവിതങ്ങൾ പൊതുസമൂഹത്തിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള രണ്ട് പഠന ഗ്രന്ഥങ്ങളും തയ്യാറാക്കാനുള്ള ഉദ്ദേശത്തിലാണ് ഇരുവരും.








