മറ്റു സംസ്ഥാനങ്ങളെ പോലെ ഒരു നിശ്ചിത അതിർത്തി പുതുച്ചേരിക്കില്ലെന്നതാണ് ഒരു പ്രധാന സവിശേഷത. പുതുച്ചേരി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ച് കിടക്കുകയാണ്.കേരളത്തോടൊപ്പം ഏപ്രിൽ ഒമ്പതിന് തിരഞ്ഞെടുപ്പ് നടക്കുന്ന കേന്ദ്രഭരണ പ്രദേശമാണ് പുതുച്ചേരി. 30
മണ്ഡലങ്ങളിലേക്കാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തതോടെ പുതുച്ചേരി ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നിരവധി പ്രമുഖരാണ് പുതുച്ചേരിയിലെത്തുന്നത്.
മറ്റു സംസ്ഥാനങ്ങളെ പോലെ ഒരു നിശ്ചിത അതിർത്തി പുതുച്ചേരിക്കില്ലെന്നതാണ് ഒരു പ്രധാന സവിശേഷത. പുതുച്ചേരി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ച് കിടക്കുകയാണ്. പുതുച്ചേരിയുടെ അതിർത്തികളെ കുറിച്ച് നമുക്ക് വിശദമായി പരിശോധിക്കാം.
എന്താണ് പുതുച്ചേരിയുടെ ഘടന?
1954 നവംബർ ഒന്നിന് ഇന്ത്യയുമായി ലയിച്ച പുതുച്ചേരിയുടെ ഘടന മറ്റ് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. പുതുച്ചേരി കേന്ദ്രഭരണ പ്രദേശം നാലു ഭാഗങ്ങളാണ് ഉൾക്കൊള്ളുന്നതാണ്. ഇവ ഓരോന്നും വ്യത്യസ്ത സ്ഥലങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.
തൽഫലമായി, ഇത് ഇന്ത്യൻ ഭൂപടത്തിൽ ഒരിടത്ത് മാത്രമായി കാണാൻ കഴിയില്ല, പകരം വ്യത്യസ്ത സ്ഥലങ്ങളിലായാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. അത് കൊണ്ട് തന്നെ മറ്റു സംസ്ഥാനങ്ങളെപ്പോലെ ഇതിന് ഒരൊറ്റ ഭൂപടമില്ല.
പുതുച്ചേരിയുടെ വിവിധ ഭാഗങ്ങൾ
മുൻ ഫ്രഞ്ച് കോളനികളായിരുന്ന പുതുച്ചേരി, കാരക്കൽ, മാഹി, യാനം എന്നിവ ചേർന്നതാണ് പുതുച്ചേരി കേന്ദ്രഭരണ പ്രദേശം. പുതുച്ചേരി, കാരക്കൽ പ്രദേശങ്ങൾ തമിഴ്‌നാട് സംസ്ഥാനവുമായും, മാഹി കേരള സംസ്ഥാനവുമായും യാനം ആന്ധ്രാപ്രദേശ് സംസ്ഥാനവുമായും അതിർത്തി പങ്കിടുന്നു.
പുതുച്ചേരിയുടെ ചരിത്രം
പുതുച്ചേരിയുടെ കഥ ആരംഭിക്കുന്നത് 1673-ലാണ്. ദക്ഷിണേന്ത്യയിൽ, പോണ്ടിച്ചേരി എന്നറിയപ്പെട്ടിരുന്ന ഒരു ചെറിയ മത്സ്യബന്ധന ഗ്രാമമായിരുന്നു ഇത്. ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ വ്യാപാരം വികസിപ്പിച്ചുകൊണ്ടിരുന്ന കാലത്ത് ഫ്രഞ്ച് ഉദ്യോഗസ്ഥനായ ബെല്ലെഞ്ചറുടെ വരവോടെയാണ് ഇവിടെ ഫ്രഞ്ച് ആധിപത്യം തുടങ്ങുന്നത്. ഡച്ചുകാർ ഇടക്കാലത്ത് പോണ്ടിച്ചേരി പിടിച്ചടക്കിയെങ്കിലും 1699-ൽ ഫ്രാൻസ് അത് തിരിച്ചുപിടിച്ചു.
പിന്നീട് ഫ്രഞ്ച് ഭരണത്തിന് കീഴിലായിരുന്ന മാഹി, യാനം, കാരക്കൽ തുടങ്ങിയ പ്രദേശങ്ങൾ ഫ്രാൻസ് ഇതിനോട് കൂട്ടിച്ചേർത്തു. ബ്രിട്ടീഷുകാരും ഈ പ്രദേശങ്ങളുടെ മേൽ നിയന്ത്രണം നേടാൻ ശ്രമിച്ചത് വലിയ സംഘർഷങ്ങൾക്ക് കാരണമായി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഈ നാലു പ്രദേശങ്ങളും ഫ്രാൻസിന്റെ കൈവശമായിരുന്നു. 1954 നവംബർ ഒന്നിനാണ് അവ ഇന്ത്യയുടെ ഭാഗമായത്.
പിന്നീട് 1963-ൽ നിയമപരമായി ഇവ പൂർണ്ണമായും ഇന്ത്യയിൽ ലയിച്ചു. ഈ കാലയളവിൽ, ചന്ദർനഗോർ പശ്ചിമ ബംഗാളിനൊപ്പം ചേരാൻ തീരുമാനിച്ചു. എന്നാൽ പോണ്ടിച്ചേരി, കാരക്കൽ, മാഹി, യാനം എന്നിവ ലയിച്ച് പുതുച്ചേരി കേന്ദ്ര ഭരണപ്രദേശം രൂപീകരിച്ചു. ഇവ ഭൂമിശാസ്ത്രപരമായി വേറിട്ടതാണെങ്കിലും പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമാണ്.









