കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി.കർണാടക സ്വദേശിയായ സന്തോഷ് കുമാർ (20) ആണ് ഒഴുക്കിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മനോജ് എന്ന യുവാവിനെ രക്ഷപ്പെടുത്തി.
ഇന്ന് ഉച്ചയ്ക്ക് 1.30ഓടെ പയ്യാമ്പലം ബീച്ചിലെ പോലീസ് എയ്ഡ് പോസ്റ്റിന് സമീപമായിരുന്നു അപകടം. കൊട്ടിയൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് ബീച്ചിലെത്തിയ നാലംഗ സംഘത്തിലെ സന്തോഷ് കുമാറും മനോജും കടലിൽ കുളിക്കാനിറങ്ങുകയായിരുന്നു. ശക്തമായ തിരമാലയിൽപ്പെട്ട് ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് അഴീക്കൽ കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗവും സ്ഥലത്തെത്തി കാണാതായ യുവാവിനായി വിപുലമായ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
അപകടവിവരമറിഞ്ഞ് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്, ടി.ഒ. മോഹനൻ എം.എൽ.എ എന്നിവർ പയ്യാമ്പലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് തെരച്ചിൽ ഊർജ്ജിതമാക്കുമെന്ന് മന്ത്രി അറിയിച്ചു. കൂടുതൽ സുരക്ഷാ സജ്ജീകരണങ്ങൾക്കായി ഇന്ത്യൻ നേവിയുടെ സഹായം തേടാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് കൂടി മനസ്സിലാകുന്ന രീതിയിൽ വിവിധ ഭാഷകളിൽ അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.









