ലക്ഷങ്ങളുടെ മാമ്പഴം വളർത്തി യുവാവ്; കാവലിന് മാവിൻ ചുവട്ടിൽ ഉറക്കം, വിപണി കണ്ടെത്താനാകാതെ ആശങ്ക

ലോകത്തിലെ വില കൂടിയ മാങ്ങയെന്നറിയപ്പെടുന്ന അപൂർവ ജാപ്പനീസ് മിയാസാക്കി മാമ്പഴം വിജയകരമായി വളർത്തിയെടുത്ത് ശ്രദ്ധ നേടുകയാണ് ഒഡീഷയിലെ മൽക്കാൻഗിരി ജില്ലയിൽ നിന്നുള്ള ഒരു കർഷകൻ. അന്താരാഷ്ട്ര തലത്തിൽ കിലോഗ്രാമിന് ഏകദേശം 3 ലക്ഷം രൂപയോളം വില വരും ഈ മാമ്പഴത്തിന്. തമാസ ഗ്രാമത്തിലെ ദേബ പാധിയാമി എന്ന കർഷകന് ഏകദേശം നാല് വർഷം മുമ്പാണ് ഒരു സാമൂഹിക പ്രവർത്തകനിൽ നിന്നും ഈ മാമ്പഴത്തൈ ലഭിച്ചത്. വർഷങ്ങളുടെ ക്ഷമയോടെയുള്ള പരിചരണത്തിനും സംരക്ഷണത്തിനും ശേഷം, മാവ് ഒടുവിൽ കായ്ക്കാൻ തുടങ്ങി.

എന്നാൽ, ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്പഴം നട്ടുവളർത്തിയെടുത്തുവെങ്കിലും ഇപ്പോൾ അതിന്റെ പേരിൽ മാനസിക സമ്മർദ്ദം അനുഭവിക്കുകയാണ് ദേബ. വലിയ വിലയുള്ള മാങ്ങയായതിനാൽ തന്നെ ഇത് ആരെങ്കിലും മോഷ്ടിച്ചിട്ടു പോകുമോ എന്നാണ് അദ്ദേഹത്തിന്റെ ഭയം. അതിനാൽ തന്നെ മരത്തിനടുത്താണ് ഈ കർഷകന്റെ ഉറക്കം പോലും. മാവിലുള്ള ഈ വിലയേറിയ മാമ്പഴങ്ങൾ കള്ളന്മാരെ ആകർഷിക്കുമെന്നും തന്റെ കണ്ണ് വെട്ടിച്ച് അവരത് മോഷ്ടിച്ചുകൊണ്ടുപോകുമെന്നും ഭയന്ന് താൻ ഈ മാവുകൾക്കടുത്ത് തന്നെയാണ് ഉറക്കമെന്നാണ് അദ്ദേഹം പറയുന്നത്.

ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്പഴങ്ങളിലൊന്ന് കൃഷി ചെയ്യുന്നുണ്ടെങ്കിലും, അവ എങ്ങനെ വിൽക്കണമെന്ന് ദേബയ്ക്ക് അറിയില്ല. ഇത്തരം വില കൂടിയ പഴങ്ങൾക്ക് പ്രത്യേക പാക്കേജിംഗിനെ കുറിച്ചും, പ്രീമിയം ഹോട്ടലുകൾ, എക്സ്പോർട്ടിം​ഗ് അല്ലെങ്കിൽ ഇത്തരം പഴങ്ങൾ നേരിട്ടു വാങ്ങുന്നവർ എന്നിവരെ കുറിച്ചുമെല്ലാം അറിയേണ്ടതായിട്ടുണ്ട്. അതേസമയം, ചുവപ്പ് രത്നം പോലെ മനോഹരമായ മിയാസാക്കി ഭൂമിയിലെ ഏറ്റവും വിലയേറിയ മാമ്പഴമായാണ് അറിയപ്പെടുന്നത്. ‘സൂര്യൻറെ മുട്ട’ എന്നും മിയാസാക്കി മാമ്പഴത്തെ വിളിക്കുന്നു. കടും ചുവപ്പു നിറത്തിൽ കാണപ്പെടുന്ന ഈ മാമ്പഴം ഏറെ രുചികരവും മധുരമുള്ളതുമാണ്.

Top News from last week.

Latest News

More from this section