കണ്ണൂർ : ചാല ഹൈസ്കൂളിന് സമീപം റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാല തന്നട കുണ്ടത്തിൽ സ്വദേശി കെ. രജിൻ (35) ആണ് മരണപ്പെട്ടത്. കുണ്ടത്തിൽ രാജന്റെയും കാഞ്ചനയുടെയും മകനാണ്. വെൽഡിങ് തൊഴിലാളിയാണ് രജിൻ.
ഞായറാഴ്ച രാത്രി പത്തരയോടെയാണ് ചാല ഹൈസ്കൂളിന് സമീപം റോഡരികിൽ കാർ നിർത്തിയിട്ട നിലയിൽ നാട്ടുകാർ കണ്ടത്. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് യുവാവിനെ കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയായിരുന്നു.
ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.









