കഴിഞ്ഞ ദിവസം പാർട്ടി മാറിയതിന് പിന്നാലെ രാഘവ് ചദ്ദയ്ക്ക് ഒറ്റ ദിവസം കൊണ്ട് ഇൻസ്റ്റാഗ്രാമിൽ പത്ത് ലക്ഷം ഫോളോവേഴ്സിനെയാണ് നഷ്ടമായിരുന്നത്. ആം ആദ്മി പാർട്ടിയിൽ നിന്ന് ബി.ജെ.പിയിലേക്ക് മാറിയതിനെ കുറിച്ചുള്ള നിരവധി ചോദ്യങ്ങൾക്ക് ഇൻസ്റ്റാഗ്രാമിലൂടെ മറുപടി നൽകി
താൻ ചേരുന്ന സമയത്തെ പാർട്ടിയല്ല ഇപ്പോഴുള്ളതെന്ന് പറഞ്ഞാണ് ചദ്ദ തന്റെ രാഷ്ട്രീയ മാറ്റത്തെ ന്യായീകരിക്കുന്നത്. കഴിഞ്ഞ ദിവസം പാർട്ടി മാറിയതിന് പിന്നാലെ രാഘവ് ഛദ്ദയ്ക്ക് ഒറ്റ ദിവസം കൊണ്ട് ഇൻസ്റ്റാഗ്രാമിൽ പത്ത് ലക്ഷം ഫോളോവേഴ്സിനെയാണ് നഷ്ടമായിരുന്നത്.
യുവാക്കളുടെയും ജെൻ സി വോട്ടർമാരുടെയും ഇടയിലുള്ള തന്റെ ജനപ്രീതി ഇടിയുന്നത് തടയാനും അനുയായികൾക്കിടയിലെ അവ്യക്തത നീക്കാനുമാണ് രാഘവ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നതെന്നാണ് വിലയിരുത്തൽ
.‘പാർട്ടി ഇപ്പോൾ പഴയ പാർട്ടിയല്ല’
പാർട്ടിയുടെ നിലവിലെ പ്രവർത്തനങ്ങളെ വിമർശിച്ച അദ്ദേഹം, “ഇന്ന് ഈ പാർട്ടി പഴയ പാർട്ടിയല്ല. ഇവിടെയൊരു ‘ടോക്സിക്’ (വിഷലിപ്തമായ) തൊഴിൽ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. നിങ്ങളെ ജോലി ചെയ്യാൻ അനുവദിക്കില്ല. പാർലമെന്റിൽ സംസാരിക്കുന്നതിൽ നിന്ന് നിങ്ങളെ തടയും” എന്നും കൂട്ടിച്ചേർത്തു.
തന്റെ യൗവനത്തിലെ 15 വർഷം പാർട്ടിക്കായി മാറ്റിവെച്ചെന്നും താനൊരു സ്ഥാപകാംഗമാണെന്നും ചദ്ദ ഓർമിപ്പിച്ചു. “ഞാൻ രാഷ്ട്രീയം ഒരു കരിയർ ആക്കാനായല്ല പാർട്ടിയിൽ ചേർന്നത്. രക്തവും വിയർപ്പും കഠിനാധ്വാനവും നൽകി എന്റെ യൗവനകാലം ഈ പാർട്ടിക്കായി ഞാൻ സമർപ്പിച്ചു,” അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചതിന്റെ കാരണം വിശദീകരിച്ച ഛദ്ദ, ആം ആദ്മി പാർട്ടിയിൽ തനിക്ക് സ്ഥാനമില്ലെന്ന് തോന്നിയെന്നും “ശരിയായ മനുഷ്യൻ തെറ്റായ പാർട്ടിയിൽ” എന്ന അവസ്ഥയിലായിരുന്നു താനെന്നും വ്യക്തമാക്കി. രാഷ്ട്രീയം പൂർണ്ണമായും ഉപേക്ഷിക്കുക, പാർട്ടിക്കുള്ളിൽ നിന്ന് മാറ്റത്തിനായി പൊരുതുക, അല്ലെങ്കിൽ മറ്റൊരു രാഷ്ട്രീയ വേദിയിലേക്ക് മാറുക എന്നീ ഓപ്ഷനുകളിൽ നിന്നാണ് മൂന്നാമത്തെ വഴി തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യസഭാ എം.പിമാരുടെ കൂട്ട കൂടുമാറ്റം
ഏപ്രിൽ 24-നാണ് എ.എ.പി രാജ്യസഭാ എംപിമാരായ അശോക് കുമാർ മിത്തൽ, ഹർഭജൻ സിംഗ്, സന്ദീപ് കുമാർ പഥക്, വിക്രംജിത് സിംഗ് സാഹ്നി, സ്വാതി മാലിവാൾ, രജീന്ദർ ഗുപ്ത എന്നിവർക്കൊപ്പം എ.എ.പി വിട്ട് ബി.ജെ.പിയിൽ ചേരുമെന്ന് രാഘവ് ചദ്ദ പ്രഖ്യാപിച്ചത്. തന്റെ തീരുമാനം ഒറ്റപ്പെട്ടതല്ല. ഒരാൾക്കോ രണ്ടു പേർക്കോ തെറ്റ് സംഭവിക്കാം, എന്നാൽ ഏഴു പേർക്കും ഒരേപോലെ തെറ്റ് പറ്റില്ലെന്നും സമ്മർദ്ദം മൂലമല്ല, മറിച്ച് നിരാശയും മടുപ്പും കാരണമാണ് പാർട്ടി വിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആം ആദ്മി പാർട്ടി വിടുന്നത് കൊണ്ട് പൊതുജീവിതത്തിൽ നിന്ന് പിന്മാറുക എന്നതല്ല അർത്ഥമാക്കുന്നതെന്നും രാഷ്ട്രീയമായി സജീവമായി തുടരുകയും പൊതു പ്രശ്നങ്ങൾ കൂടുതൽ ആവേശത്തോടെ പാർലമെന്റിൽ ഉന്നയിക്കുമെന്നും പറഞ്ഞാണ് ചദ്ദ വീഡിയോ അവസാനിപ്പിച്ചത്.









