ആശ്വാസകിരണം പദ്ധതി: പ്രതിമാസ ധനസഹായം 1000 രൂപയായി ഉയർത്തി സർക്കാർ ഉത്തരവിറങ്ങി


തിരുവനന്തപുരം: കിടപ്പുരോഗികളെയും ഭിന്നശേഷിക്കാരെയും പരിചരിക്കുന്നവർക്കായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കിവരുന്ന ‘ആശ്വാസകിരണം’ പദ്ധതിയുടെ പ്രതിമാസ ധനസഹായം 600 രൂപയിൽ നിന്ന് 1000 രൂപയായി വർദ്ധിപ്പിച്ചു. ഇതുസംബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് ആയി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് പ്രഖ്യാപനത്തിന്റെയും കേരള സാമൂഹ്യസുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ശുപാർശയുടെയും അടിസ്ഥാനത്തിലാണ് തുക വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇന്ന് മുതൽ പരിഷ്കരിച്ച നിരക്കിന് പ്രാബല്യമുണ്ടായിരിക്കും.
തീവ്രമായ ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർ, 100 ശതമാനം ഭിന്നശേഷിയുള്ളവർ, കിടപ്പിലായ രോഗികൾ, കാൻസർ, ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ രോഗബാധിതർ, വയോജന രോഗികൾ എന്നിവരെ പരിചരിക്കുന്നവർക്കാണ് ആശ്വാസകിരണം പദ്ധതിയിലൂടെ ധനസഹായം നൽകുന്നത്. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി അഫ്സൽ നാസർ ഐ.എ.എസ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.









