അബ്ദുൽ നിസാർ കണ്ണൂർ ഫുട്ബാളിൻ്റെ തലപ്പത്ത്

കണ്ണൂർ ജില്ല ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡണ്ടായി കേരള പോലീസിലെ മുൻ അസിസ്റ്റൻ്റ് കമാണ്ടൻ്റും, നാഷണൽ ഹൈവേ നിർമ്മാണ കമ്പനിയായ മേഘ എൻജീനയറിംഗ് ആൻ്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൻ്റെ കേരള പ്രൊജക്റ്റുകളുടെ വിജിലൻസ് ആൻ്റ് ലെയ്സണിങ്ങ് തലവനുമായ വി.കെ. അബ്ദുൽ നിസാറിനെ അസോസിയേഷൻ്റെ സ്പെഷ്യൽ ജനറൽബോഡി യോഗം തെരഞ്ഞെടുത്തപ്പോൾ ജില്ലയി‌ലെ ഫുട്ബാൾ പ്രേമികൾ ഉററുനോക്കുന്നത് കണ്ണൂരിലെ ഫൂട്ബാളിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ പുതിയ നേതൃത്വം എന്തൊക്കെയാണ് ചെയ്യാൻ പോകുന്നത് എന്നാണ്.

 

ജൂനിയർ ബ്രദേഴ്സ്, കണ്ണൂർ ജിംഖാന ക്ലബ്ബ്, സർ സയ്യിദ് കോളേജ് തുടങ്ങിയ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള എം.കോം. ബിരുദധാരിയായ അബ്ദുൽ നിസാർ കണ്ണൂർ എസ്.എൻ. കോളേജ്, തളിപ്പറമ്പ് സർ സയ്യിദ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കോളേജ് അദ്ധ്യാപകനായി ജോലി നോക്കുന്നതിനിടയിലാണ് കേരള പോലീസിൽ സബ്ബ് ഇൻസ്പെക്‌ടറായി നിയമനം ലഭിക്കുന്നത്.

 

2006 മുതൽ ഏഴ് വർഷം ഇന്ത്യൻ വിദേശകാര്യ സർവ്വീസിൽ ഡെപ്യുട്ടേഷനിലായിരുന്ന നിസാറിന് ഉഗാണ്ട, ഇംഗ്ലണ്ടു് എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ സേവനമനുഷ്ടിക്കുന്നതിനിടയിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ്, യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് തുടങ്ങിയ ടൂർണ്ണമെൻ്റ്കളിലെ കളികൾ നേരിട്ട് കാണാനും, അവിടുത്തെ സംഘാടക രീതികൾ മനസ്സിലാക്കാനും കഴിഞ്ഞിട്ടുണ്ട്.

 

2013ൽ ഡെപ്യുട്ടേഷൻ കഴിഞ്ഞ് തിരികെ വന്ന് കണ്ണൂർ ജില്ലാ പോലീസിൻ്റെ അസിസ്റ്റൻ്റ് കമാണ്ടൻ്റായി ജോലി തുടർന്ന് 2018ൽ പിരിയുന്നത് വരെ കണ്ണൂർ ജില്ലാ പോലീസിൻ്റെ സ്പോർട്ട്സ് ഓഫീസറായിരുന്നു അബ്ദുൽ നിസാർ. കണ്ണൂർ ജില്ലാ പോലീസ്, കായിക രംഗത്ത് വളരെ മുന്നേറിയ ഈ കാലയളവിൽ രണ്ട് തവണ പോലീസ് സംസ്ഥാന ഫുട്ബാൾ ടൂർണമെൻ്റ് കണ്ണൂരിൽ വെച്ച് നടത്തിയിരുന്നു. രണ്ട് തവണയും കണ്ണൂർ ജില്ലാ പോലീസായിരുന്നു ചാമ്പ്യൻമാർ.

 

2016ൽ നാഗാലാൻ്റിലെ ദിമാപൂരിൽ വെച്ചു നടന്ന ബി.എൻ. മല്ലിക്ക് മെമ്മോറിയൽ അഖിലേന്ത്യാ പൊലീസ് ഫുട്ബാൾ ടൂർണ്ണമെൻറിൽ അർജുൻ അവാർഡ് ജേതാവ് ഐ.എം. വിജയൻ ക്യാപ്റ്റനും, ഇൻ്റർനാഷണൽ സി.വി. പാപ്പച്ചൻ കോച്ചുമായി പങ്കെടുത്ത കേരളാ പോലീസ് ടീമിൻ്റെ മാനേജറായിരുന്നു നിസാർ.

 

തികഞ്ഞ ഫുട്ബാൾ ആരാധകനായ നിസാർ കഴിഞ്ഞ സീസണിൽ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മാഞ്ചസ്റ്റർ യുണൈറ്റഡും, മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള എഫ്.എ. കപ്പിൻ്റെ ഫൈനലും, ഡോർട്മണ്ടും, റിയൽ മാഡ്രിഡും തമ്മിൽ നടന്ന ചാമ്പ്യൻസ് ലീഗിൻ്റെ ഫൈനലും ഇംഗ്ലണ്ടിലെ വിവിധ സ്റ്റേഡിയങ്ങളിൽ നടന്ന പ്രീമിയർ ലീഗ് മൽസരങ്ങളും കാണുന്നതിന് വേണ്ടി ഏതാണ്ട് മൂന്ന് മാസത്തോളം ഇംഗ്ലണ്ടിലായിരുന്നു. ഈ സീസണിലെ കളികൾ കാണുന്നതിന് വേണ്ടി വീണ്ടും അങ്ങോട്ടേക്ക് പോകാനുള്ള തെയ്യാറെടുപ്പിലാണ് അദ്ദേഹം.

 

കണ്ണൂർ ഫുട്ബാളിൻ്റെ നഷ്ടപ്പെട്ട പ്രതാപകാലം തിരികെ കൊണ്ടു വരുന്നതിന് വേണ്ടുന്ന കാര്യങ്ങൾക്ക് ഊന്നൽ കൊടുക്കുക എന്നതാണ് പുതിയ നേതൃത്വത്തിൻ്റെ പ്രഥമ പരിഗണന എന്ന് അബ്ദുൽ നിസാർ പറഞ്ഞു. ഇതിന് വേണ്ടി പഴയ കാല ഫുട്ബാൾ താരങ്ങളിൽ നിന്നും അഭിപ്രായം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top News from last week.