മരണത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും

കെ ടി ബാബുരാജ്

മരണത്തെക്കുറിച്ച് ഞാനൊന്നും എഴുതുന്നില്ല
ജീവിതത്തെക്കുറിച്ച് പറയാനിനിയും ബാക്കിയുണ്ടല്ലോ.
കൊഴിഞ്ഞു പോയ പൂക്കളെക്കുറിച്ച് പാടുന്നില്ല
നനുത്ത പൂവിതളുകളിൽ
മഞ്ഞുവീഴുന്നതും നോക്കിയിരിക്കുന്നു

നിലച്ചുപോയ ശ്വാസത്തിലല്ല
പിടയുന്ന ജീവൻ്റെ നിശ്വാസത്തിലാണ് നോട്ടം
മറഞ്ഞു പോയവരുടെ ഓർമ്മയിലല്ല
ഓർമ്മയിൽ നിന്നും
ജീവിതത്തിലേക്ക് നടന്നു വരുന്നവവരുടെ
കാൽക്കരുത്തിലാണെൻ്റെ ഊർജ്ജം

അസ്തമിച്ച സൂര്യൻ്റെ കടലിലേക്ക്
ഞാൻ നോക്കുന്നതേയില്ല
ഉദിച്ചുയരുന്നവൻ്റെ
സങ്കടലിലെ ഉയിർപ്പുകണ്ട്
സാകൂതം ചിരി തൂകുന്നു.
പോക്കുവെയിലെഴുതിയ പാട്ടിന്
ജീവനസംഗീതത്തിൻ്റെ ഈണം നൽകുന്നു

പ്രായം കൊഴിച്ച തലനാരുകളെ
കണ്ണീരാൽ തഴുകാതെ
വെളുത്തു പോയ തലയെ ചിരികൊണ്ട് കറുപ്പിക്കുന്നു.
ആത്മഹത്യാമുനമ്പിൽ ഞാനൊരു
പ്രത്യാശാ മുനമ്പ് വരച്ചുവെക്കുന്നു.
പറന്നുപോം കിളിജാലമേ നിങ്ങൾ
ഒരു വസന്തവും കൊണ്ട് തിരികെ വരണേയെന്ന്
ഉറക്കെയുറക്കെ വിളിച്ചു പറയുന്നു.

ഞാൻ മരണത്തെക്കുറിച്ച് ഒന്നും പറയുന്നില്ല
തിമിർത്തു പെയ്യുന്ന മഴയിൽ
ജീവിതത്തിൻ്റെ മരണനൃത്തം കണ്ട് കരയുന്നുമില്ല.
മാഞ്ഞുപോയവരുടെ ചിത്രം
കല്ലിൽ കൊത്തിവെച്ച്
ജീവിച്ചിരിക്കുന്നവർക്ക്
ആവേശം പകരുകയാണിപ്പോഴും.

Top News from last week.