അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ വീണ്ടും ഒന്നാമതെത്തി അബുദാബി. തുടർച്ചയായ ഒമ്പതാം വർഷമാണ് നംബിയോ സുരക്ഷാ സൂചികയിൽ അബുദാബി ഒന്നാം സ്ഥാനത്തെത്തുന്നത്. 88.4 പോയിൻറാണ് അബുദാബി നേടിയത്.
സുരക്ഷിത നഗരങ്ങളിൽ യുഎഇയിൽ നിന്ന് അബുദാബിക്ക് പുറമെ ദുബൈയും ഷാർജയും ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് ഖത്തർ തലസ്ഥാനമായ ദോഹയാണ്. 84.1 പോയൻറാണ് ദോഹക്ക് ലഭിച്ചത്. 83.8 പോയൻറോടെ ദുബൈ മൂന്നാമതും 83.8 പോയൻറോടെ തായ് വാനിലെ തായ് പേയി നാലാമതുമെത്തി. അഞ്ചാമതെത്തിയ ഷാർജക്കും 83.8 പോയൻറാണുള്ളത്. ബഹ്റൈൻ നഗരമായ മനാമയാണ് ആറാമത് (81 പോയൻറ്). ഒമാനിലെ മസ്‌ക്കത്ത് (80.9) ഏഴാമതും നെതർലാൻഡ്സിലെ ഹേഗ്(79.5)എട്ടാമതും ജർമനിയിലെ മ്യൂണിച് (79.4) ഒമ്പതാമതുമെത്തി. നോർവേയിലെ ട്രോൺഡ്ഹൈം(79.3)ആണ് പട്ടികയിൽ പത്താമതുള്ളത്. കുറ്റകൃത്യങ്ങളുടെ കുറവോ അഭാവമോ വിലയിരുത്തിയാണ് നംബിയോയുടെ സുരക്ഷാ സൂചിക തയാറാക്കിയിട്ടുള്ളത്. പൂജ്യം മുതൽ 100 വരെയാണ് ഓരോന്നിനും മാർക്ക് നൽകുക. ഉയർന്ന മാർക്ക് ലഭിക്കുന്ന നഗരത്തിലായിരിക്കും കൂടുതൽ സുരക്ഷയുള്ളത്. അതിക്രമം, മോഷണം, വസ്തുവകകൾ നശിപ്പിക്കുക, ശാരീരിക അതിക്രമം എന്നിങ്ങനെ വിവിധ കുറ്റകൃത്യങ്ങളുടെ തോത് നോക്കിയാണ് പട്ടിക തയ്യാറാക്കുന്നത്.









