മരണപ്പെട്ടവരുടെ ആശ്രിതർക്ക് ധനസഹായം പരിഗണനയിൽ
കൊല്ലം: നീലേശ്വരത്തുണ്ടായ അപകടത്തിൽ പരിക്കുപറ്റിയ മുഴുവൻ ആളുകളുടെയും ചികിത്സ ചെലവ് സർക്കാർ വഹിക്കുമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ് വ്യക്തമാക്കി.മരണപ്പെട്ടവരുടെ ആശ്രിതർക്ക് ധനസഹായം നൽകുന്നത് സർക്കാറിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ മന്ത്രിസഭായോഗത്തിന്റെ അനുമതി കൂടി വേണം. വിവരങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.
മൂന്നുപേരുടെ ജീവനെടുത്ത അപകടം നടുക്കുന്നതാണ്.
ടിപ്പർ ലോറി അമിതവേഗത്തിൽ വന്നതാണ് അപകടകാരണം എന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നത്. അമിതവേഗത്തിൽ വന്ന വാഹനം ഡിവൈഡർ തിരിയുമ്പോഴേക്കും അപകടം ഉണ്ടായി. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പി.സി വിഷ്ണുനാഥ് പറഞ്ഞു. മന്ത്രി ബിന്ദു കൃഷ്ണയ്ക്കും കൊടിക്കുന്നിൽ സുരേഷ് എംപി യ്ക്കുമൊപ്പം അപകട സ്ഥലത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ടിപ്പർ ലോറികളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന പൊതുജന ആശങ്കകൾ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. റോഡ് സുരക്ഷ, പ്രത്യേകിച്ച് സ്കൂൾ വിദ്യാർഥികളുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ സർക്കാരിന്റെ പ്രധാന പരിഗണനകളിലൊന്നാണ്. ഇതുപോലുള്ള ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
അപകട വിവരമറിഞ്ഞ ഉടൻ നിയമസഭാ സമ്മേളനം ഒഴിവാക്കിയാണ് മന്ത്രിമാരായ പി.സി വിഷ്ണുനാഥും ബിന്ദു കൃഷ്ണയും അപകട സ്ഥലത്ത് എത്തിച്ചേർന്നത്. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന കൊട്ടാരക്കര താലൂക്ക് ആശുപത്രിയും മന്ത്രിമാരും എംപിയും സന്ദർശിച്ചു.







