നിരോധിത പ്ലാസ്റ്റിക് വിതരണം തടയാന്‍ നടപടി സ്വീകരിക്കും

ജില്ലയ്ക്ക് പുറത്തു നിന്നും വാഹനങ്ങളില്‍ നിരോധിത ഒറ്റത്തവണ ഉപയോഗ വസ്തുക്കളും വ്യാജ ബയോ ക്യാരി ബാഗുകളും എത്തിച്ച് വിതരണം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് എ.ഡി.എം കലാ ഭാസ്‌കര്‍ അറിയിച്ചു. ഹരിത തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിളിച്ചു കൂട്ടിയ കണ്ണൂര്‍ നഗരത്തിലെ പ്ലാസ്റ്റിക്ക് മൊത്തവ്യാപാരികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എ ഡി എം. ഹരിത തിരഞ്ഞെടുപ്പ് ക്യാമ്പയിനിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ സ്റ്റോക്ക് ചെയ്ത് വില്‍പന നടത്തുന്നതിനെതിരെയുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. ജില്ലയിലെ നിരോധിത ഉല്‍പന്നങ്ങളുടെ വിതരണം പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതിന് സാഹചര്യമൊരുക്കണം. ലൈസന്‍സ് എടുത്ത് കച്ചവടം നടത്തുന്ന അംഗീകൃത വ്യാപാരികള്‍ക്ക് ഭീഷണിയായി ഇരുചക്ര വാഹനങ്ങളിലെത്തി ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.

വ്യാജ ബയോ ഉല്‍പന്നങ്ങള്‍ തിരിച്ചറിയാനുള്ള ഡൈക്ലോറോ മീഥൈന്‍ ടെസ്റ്റ് എന്‍ഫോഴ്‌സ്‌മെന്റ് ടീമുകള്‍ സൗജന്യമായി നടത്തിവരുന്നുണ്ടെന്ന് ജില്ലാ ശുചിത്വ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.എം സുനില്‍കുമാര്‍ യോഗത്തില്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ടി.വി സുഭാഷ്,  ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ടീം അംഗങ്ങള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

വ്യാജ ബയോ ക്യാരി ബാഗുകള്‍ പിടികൂടി

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പാനൂര്‍ നഗരസഭാ പരിധിയില്‍ നടത്തിയ പരിശോധനയില്‍ വ്യാജ ക്യാരി ബാഗുകള്‍ പിടികൂടി. കരിയാട് ടൗണിലെ പ്ലാസ്റ്റിക് മൊത്ത വ്യാപാര സ്ഥാപനത്തില്‍ നിന്നും 68 കിലോ വ്യാജ ബയോ ക്യാരി ബാഗുകളാണ് പിടികൂടിയത്. കവറിന് പുറത്തുള്ള ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നുണ്ടെങ്കിലും ഡൈക്‌ളോറോ മീഥൈനിന്‍ ടെസ്റ്റില്‍ നിരോധിത പ്‌ളാസ്റ്റിക് ആണെന്ന് സ്‌ക്വാഡ് കണ്ടെത്തുകയായിരുന്നു. 10000 രൂപ പിഴ ചുമത്തി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭയ്ക്ക് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നിര്‍ദ്ദേശം നല്‍കി.

എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ കെ.ആര്‍ അജയകുമാര്‍, പി.എസ് പ്രവീണ്‍, ക്ലീന്‍ സിറ്റി മാനേജര്‍ ശശി നടുവിലാക്കണ്ടിയില്‍, പബ്ലിക് ഹെല്‍ത്ത്  ഇന്‍സ്‌പെക്ടര്‍മാരായ മുഹമ്മദ് റഫീഖ് അലി, വിസിയ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു

Top News from last week.

Latest News

More from this section