തിരുവനന്തപുരം നഗരത്തിൽ നടൻ മണിയൻപിള്ള രാജു ഓടിച്ച കാർ ബൈക്കിലിടിച്ച് രണ്ട് യുവാക്കൾക്ക് സാരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ ട്രിവാൻഡ്രം ക്ലബിന് മുന്നിലായിരുന്നു അപകടം.
ക്ലബിന് അകത്തുനിന്ന് പുറത്തേക്ക് വരികയായിരുന്ന ‘KL 01 CJ 04’ നമ്പറുള്ള കാറാണ് അപകടമുണ്ടാക്കിയത്. അപകടത്തിന് പിന്നാലെ വണ്ടി നിർത്താതെ ഓടിച്ചുപോയതായി പരാതിയുണ്ട്. സംഭവത്തിൽ മ്യൂസിയം പോലീസ് കേസെടുക്കുകയും നടൻ ഇന്ന് രാവിലെ പോലീസ് സ്റ്റേഷനിൽ ഹാജരാവുകയും ചെയ്തു. ഇതിന് പിന്നാലെ പോലീസ് മണിയൻപിള്ള രാജുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്
വെള്ളിയാഴ്ച രാവിലെ, നടൻ ഇന്നലെ രാത്രി എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ചുകൊണ്ട് മ്യൂസിയം പോലീസ് സ്റ്റേഷനിൽ എത്തിയത്. മാധ്യമങ്ങളോട് സംസാരിക്കവെ, “അപകടത്തെ തുടർന്ന് ഞാൻ പരിഭ്രാന്തനായി വീട്ടിലേക്ക് മടങ്ങി. ഞാൻ ഒരു കാൻസർ രോഗബാധിതനാണ്, നിലവിൽ ചിക്കുൻഗുനിയ ബാധിച്ചിരിക്കുന്നു.” എന്ന് അദ്ദേഹം പറഞ്ഞു.
കടത്തിൽ പരിക്കേറ്റ യുവാക്കളെ സഹായിക്കാൻ ആളുകളെ അറിയിച്ചതായും നടൻ അവകാശപ്പെട്ടു. “ആ സമയത്ത് എനിക്ക് അവരെ സഹായിക്കാൻ കഴിഞ്ഞില്ല. എന്റെ ഭാര്യയും വീട്ടിൽ ഒറ്റയ്ക്കായിരുന്നു. എന്നിരുന്നാലും, പരിക്കേറ്റവരെ സഹായിക്കാൻ ഞാൻ മറ്റുള്ളവരെ അറിയിച്ചു,” അദ്ദേഹം പറഞ്ഞു.
അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു, ജീവഹാനി സംഭവിക്കാവുന്ന തരത്തിൽ അശ്രദ്ധമായി വണ്ടി ഓടിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
എഫ്ഐആറിൽ നടൻ്റെ പേര് നേരിട്ട് പരാമർശിച്ചിട്ടില്ലെങ്കിലും, പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ സഹായിക്കാതെ വാഹനം നിർത്താതെ പോയതായും ഉത്തരവാദിത്തപ്പെട്ടവരെ വിവരം അറിയിച്ചില്ലെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. മണിയൻപിള്ള രാജുവിൻ്റെ യഥാർത്ഥ പേരായ സുധീർകുമാർ രാജു എന്നാണ് വാഹനത്തിൻ്റെ രജിസ്ട്രേഷൻ രേഖകളിലുള്ളതെന്ന് പോലീസ് സ്ഥിരീകരിച്ചു.
പരിക്കേറ്റവരുടെ നില
അപകടത്തിൽ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് ഏറ്റവും പുതിയ വിവരം. നിവേദിതിന്റെ കാലുകൾ ഒടിഞ്ഞിട്ടുണ്ട്, സൂരജിന്റെ നട്ടെല്ലിനാണ് പരിക്കേറ്റത്. ഒരാൾ കിംസ് ആശുപത്രിയിലും മറ്റൊരാൾ എസ് മെഡിസിറ്റി ആശുപത്രിയിലും ചികിത്സയിലാണ്. അപകടത്തിന് ശേഷം പോലീസ് നടന്റെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലും അദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു.
പോലീസ് നടപടികൾ
സ്റ്റേഷനിൽ ഹാജരായ മണിയൻപിള്ള രാജുവിനെ ഉടൻ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. അപകടം നടന്ന് 12 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയാൽ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ കഴിയുമെന്നാണ് പോലീസ് കരുതുന്നത്









