കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷാവിധി താത്കാലികമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചാം പ്രതി വടിവാൾ സലിമും ആറാം പ്രതി പ്രദീപും നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. കേസിൽ അപ്പീൽ ഹർജിയിൽ തീർപ്പുണ്ടാകുന്നതുവരെ ശിക്ഷാ നടപടികൾ നിർത്തിവെക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഒന്നാം പ്രതി പൾസർ സുനിയുടെ സമാനമായ ഹർജി മുൻപ് തള്ളിയ ഡിവിഷൻ ബെഞ്ചാണ് ഇരുവരുടെയും അപേക്ഷയും നിരസിച്ചത്.
താൻ വെറുമൊരു ടാക്സി ഡ്രൈവർ മാത്രമാണെന്നും ഒന്നാം പ്രതിയുടെ നിർദേശപ്രകാരം ഫോൺ കൈമാറുകയല്ലാതെ ഗൂഢാലോചനയിലോ ആക്രമണത്തിലോ നേരിട്ട് പങ്കാളിയായിട്ടില്ലെന്നുമാണ് വടിവാൾ സലിം കോടതിയെ അറിയിച്ചത്.
എന്നാൽ, കുറ്റകൃത്യത്തിൽ പ്രതിയുടെ പങ്ക് തെളിഞ്ഞതിനെ തുടർന്നാണ് വിചാരണക്കോടതി 20 വർഷത്തെ കഠിനതടവിന് ശിക്ഷിച്ചതെന്ന് അതിജീവിത ചൂണ്ടിക്കാട്ടി. ശിക്ഷയുടെ ദൈർഘ്യം കൂട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി നിലവിലുള്ളപ്പോൾ പ്രതിക്ക് ഇളവ് നൽകരുതെന്നും അത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അതിജീവിത വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ഹർജി തള്ളിയത്. അതേസമയം, കേസിന്റെ അപ്പീലിൽ വിശദമായ വാദം പിന്നീട് തുടരും.








