കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി വിധിച്ച 20 വർഷത്തെ തടവുശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പൾസർ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപ്പീലിൽ അന്തിമ തീരുമാനം വരുന്നത് വരെ തടവ് തടയണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. എന്നാൽ, നടന്നത് അങ്ങേയറ്റം ഹീനമായ കുറ്റകൃത്യമാണെന്നും ഇരയായ നടിയുടെ അന്തസ്സും കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും നിരീക്ഷിച്ചാണ് ഹൈക്കോടതി ഹർജി നിരസിച്ചത്.
ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയതാണെന്നും ശിക്ഷ മരവിപ്പിച്ചാൽ അത് കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചുകാണിക്കുന്നതിന് തുല്യമാകുമെന്നും നടി കോടതിയിൽ വാദിച്ചിരുന്നു. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും മുൻപ് സുപ്രീം കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങി ഒരു മാസത്തിനകം തന്നെ മറ്റൊരു കേസിൽ പ്രതിയായ ആളാണെന്നും പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു. പ്രതികളുടെ ശിക്ഷ മരവിപ്പിക്കരുതെന്നും പകരം ശിക്ഷ വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള അപ്പീൽ കോടതിയുടെ പരിഗണനയിലുണ്ടെന്നും സർക്കാർ വ്യക്തമാക്കി. തുടർച്ചയായി ജാമ്യാപേക്ഷ നൽകിയതിന് മുൻപ് കോടതി പിഴ ചുമത്തിയിട്ടുള്ള പ്രതിയുടെ ഹർജി ഇരുപക്ഷത്തിന്റെയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് ഹൈക്കോടതി ഇപ്പോൾ തള്ളിയിരിക്കുന്നത്.








