മുംബൈയിൽ പോലീസ് വാൻ തടഞ്ഞ് നടി റിയ യാദവ്; പ്രതിഷേധ ദൃശ്യങ്ങൾ വൈറൽ

മുംബൈ: നീറ്റ് പരീക്ഷാ ക്രമക്കേടിലും ഡൽഹിയിലെ പോലീസ് അതിക്രമത്തിലും പ്രതിഷേധിച്ച് മുംബൈ ദാദറിലെ ശിവാജി പാർക്കിൽ നടന്ന സമരത്തിനിടെ ശ്രദ്ധനേടി നടിയും മോഡലുമായ റിയ യാദവ്. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥികളും യുവാക്കളും നടത്തിയ പ്രതിഷേധത്തിന് നേരെ പോലീസ് നടപടിയുണ്ടാകുകയും സമരക്കാരെ അറസ്റ്റ് ചെയ്ത് വാനിൽ കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തു. ഈ സമയം റിയ യാദവ് ഒറ്റയ്ക്ക് പോലീസ് വാനിന് മുന്നിൽ കയറിനിന്ന് വാഹനം തടയുകയായിരുന്നു. റിയ പിന്മാറാതിരുന്നതോടെ സമീപത്തുണ്ടായിരുന്ന യുവാക്കളും പിന്തുണയുമായെത്തി. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിക്കുകയാണ്.

താൻ വിദ്യാർത്ഥിയല്ലെങ്കിലും അവർക്കൊപ്പമാണെന്നും പോലീസ് സ്വന്തം ഉത്തരവാദിത്തം കാണിക്കുന്നില്ലെങ്കിൽ പൗരന്മാർ അത് ഏറ്റെടുക്കുമെന്നും റിയ പ്രതികരിച്ചു. ഡൽഹിയിൽ വിദ്യാർത്ഥികൾക്ക് നേരെ നടന്നത് തെറ്റാണെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം സ്വന്തമായി വസ്ത്ര ബ്രാൻഡുള്ള ഒരു സംരംഭക കൂടിയാണ് റിയ യാദവ്.

Top News from last week.