ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ വിമർശനവുമായി നടി ഉർവശി

കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ ജൂറിക്കെതിരെ വിമർശനവുമായി നടി ഉർവശി. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് നിർണയിക്കുന്നതെന്ന് ഉർവശി ചോദിച്ചു. നിഷ്പക്ഷമായ രിതീയിലാണ് അവാർഡ് നിർണയിക്കുന്നതെന്നാണ് പറയപ്പെടുന്നത്. എന്നാൽ അത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മാത്രമറിയില്ല. ഇതിന് എന്തെങ്കിലും അളവുകോലുണ്ടോ എന്ന് ചിന്തിച്ചിട്ടുണ്ട്. ഇത്രപ്രായം കഴിഞ്ഞാൽ അവാർഡ് ഇങ്ങനെ നൽകിയാൽ മതിയോ എന്നും ഉർവശി ചോദിച്ചു. വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലാണ് ഉർവശിയുടെ വിമർശനം.
പ്രോഗ്രസ് റിപ്പോർട്ടിൽ മാർക്ക് കിട്ടുന്നതുപോലെയാണ് അവാർഡിനെ കാണുന്നതെന്നും ചില സമയങ്ങളിൽ അതിലെ മാർക്ക് ബോധപൂർവം കുറച്ചതാണോ എന്ന് ആലോചിച്ചിട്ടുണ്ടെന്നും ഉർവശി പറയുന്നു. മികച്ച നടിക്കും സഹനടിക്കും അവാർഡ് എങ്ങനെയാണ് നിർണയിക്കുന്നതെന്ന് ഉർവശി ചോദിച്ചു. അതേപ്പറ്റി ആരെങ്കിലും പറഞ്ഞുനൽകണം. സംസ്ഥാന സർക്കാരാണെങ്കിലും അതേപ്പറ്റി പറയാൻ ബാധ്യസ്ഥരാണെന്നും ഉർവശി പറഞ്ഞു. അത് ഇനിയെങ്കിലും പുറത്തറിയണം. അല്ലെങ്കിൽ പുതിയ ഒരു തലമുറ അതേപ്പറ്റി ചോദിക്കുമെന്നും ഉർവശി പറയുന്നു.

ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരമായിരുന്നു ഉർവശി നേടിയത്. മികച്ച നടിക്കുള്ള പുരസ്‌കാര പട്ടികയിൽ ഉർവശിയും നടി പാർവതി തിരുവോത്തും ഉൾപ്പെട്ടിരുന്നു. എന്നാൽ മിസിസ് ചാറ്റർജി VS നോർവേ എന്ന ചിത്രത്തിലെ അഭിനയത്തിന് ബോളിവുഡ് താരം റാണി മുഖർജിയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയത്. മികച്ച നടനായി ഷാരൂഖ് ഖാനും വിക്രാന്ത് മാസിയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആടുജീവിതം എന്ന ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച പൃഥ്വിരാജ് സുകുമാരൻ പൂർണമായും തഴയപ്പെട്ടു. ഒരു വിഭാഗത്തിലേക്ക് പോലും ചിത്രം പരിഗണിക്കപ്പെട്ടില്ല എന്നതിൽ ജൂറിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
2024യുന്നു ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക് പുറത്തിറങ്ങുന്നത്. ചിത്രത്തിൽ ഉർവശി അവതരിപ്പിച്ച ലീലാമ്മ എന്ന കഥാപാത്രവും പാർവതിയുടെ അഞ്ജു എന്ന കഥാപാത്രവും ഏറെ പ്രശംസ നേടിയിരുന്നു. അലൻസിയർ, അർജുൻ രാധാകൃഷ്ണൻ, പ്രശാന്ത് മുരളി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് ഉർവശിക്ക് കഴിഞ്ഞ വർഷം മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു.

Top News from last week.

Latest News

More from this section