വെയിലിൽ തിളങ്ങി അദാനി പവർ! ഇൻഫോസിസിനെപ്പോലും പിന്നിലാക്കി വിപണിമൂല്യത്തിൽ വൻ കുതിപ്പ്.

രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ഇന്‍ഫോസിസിനെ വിപണിമൂല്യത്തില്‍ ഇപ്പോള്‍ പിന്നിലാക്കിയിരിക്കുകയാണ് അദാനി പവര്‍. ഈ വര്‍ഷം മാത്രം അദാനി പവറിന്റെ ഓഹരികളില്‍ 68 ശതമാനത്തിന്റെ വന്‍ വര്‍ധനവാണ് ഉണ്ടായത്. കൊടും ചൂടും എല്‍ നിനോ പ്രതിഭാസവും കാരണം രാജ്യത്ത് വൈദ്യുതി ഉപയോഗം കുത്തനെ കൂടിയതാണ് അദാനിക്ക് ചാകരയായത്. രാജ്യത്ത് പകല്‍ സമയത്തെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡിലാണ്. കടുത്ത ചൂട് കാരണം എസി ഉള്‍പ്പെടെയുള്ള കൂളിംഗ് സംവിധാനങ്ങളുടെ ഉപയോഗം കൂടിയതോടെ 2026 മെയ് 21-ലെ കണക്കനുസരിച്ച് വൈദ്യുതി ഉപയോഗം 270.82 ഗിഗാവാട്ട് ആയി ഉയര്‍ന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ പഴയ റെക്കോര്‍ഡുകള്‍ തിരുത്തപ്പെടുകയാണ്. മെയ് 22-ലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ലോകത്തെ ഏറ്റവും ചൂടേറിയ 100 നഗരങ്ങളില്‍ 97 എണ്ണവും ഇന്ത്യയിലാണുള്ളത്. ബാക്കി മൂന്നെണ്ണം നേപ്പാളിലുമാണ്.

അദാനിക്ക് അടിച്ച ലോട്ടറി

വൈദ്യുതി ഉപയോഗം കൂടിയതോടെ ഓഹരി നിക്ഷേപകര്‍ സ്വാഭാവികമായും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികളിലേക്ക് തിരിഞ്ഞു. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ ഒന്നാണ് അദാനി പവര്‍. കഴിഞ്ഞ ബുധനാഴ്ച നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കമ്പനിയുടെ ഓഹരി വില 3 ശതമാനം ഉയര്‍ന്ന് 252 രൂപ എന്ന 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഇതോടെ അദാനി പവറിന്റെ വിപണിമൂല്യം 4.85 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. 4.72 ലക്ഷം കോടി രൂപ മൂല്യമുള്ള ഇന്‍ഫോസിസിനെയാണ് അവര്‍ മറികടന്നത്. ഈ മുന്നേറ്റത്തോടെ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള 11-ാമത്തെ കമ്പനിയായി അദാനി പവര്‍ മാറി.

കഴിഞ്ഞ കുറച്ചു കാലങ്ങളായി നിക്ഷേപകര്‍ക്ക് വന്‍ ലാഭമാണ് ഈ കമ്പനി നല്‍കുന്നത്:

കഴിഞ്ഞ ഒരാഴ്ച: 13% നേട്ടം

ഒരു വര്‍ഷം: 126% നേട്ടം

മൂന്ന് വര്‍ഷം: 384% നേട്ടം

അഞ്ച് വര്‍ഷം: 1,213% എന്ന കണ്ണഞ്ചിപ്പിക്കുന്ന നേട്ടം!

Top News from last week.