അദാനി തരംഗം! 5 വർഷം കൊണ്ട് 900% റിട്ടേൺ; 23 രൂപയുടെ ഓഹരി കുതിച്ചുയർന്നത് 230-ലേക്ക്

നിക്ഷേപകര്‍ക്ക് ലോട്ടറിയായി മാറിയ അദാനി പവര്‍  ഓഹരികളെ പറ്റിയാണ് ഇന്നു പറയുന്നത്. വെറും അഞ്ച് വര്‍ഷം കൊണ്ട് നിക്ഷേപകരുടെ പണം പത്തിരട്ടിയാക്കി വളര്‍ത്താന്‍ ഓഹരിക്ക് സാധിച്ചു. ഓഹരി വില കുതിച്ചത് 23 രൂപയില്‍ നിന്ന് 230 രൂപയിലേയ്ക്കാണ്. ഈ കുതിപ്പിനെ വിദഗ്ധര്‍ കേവലം ഒരു ഓഹരിയുടെ വിലവര്‍ധന ആയിട്ടല്ല കാണുന്നത്, മറിച്ച് കൃത്യമായ ആസൂത്രണത്തിലൂടെയും, വലിയ പ്രോജക്റ്റുകളിലൂടെയും ഇന്ത്യന്‍ ഊര്‍ജ്ജമേഖലയില്‍ കൈവരിച്ച നേട്ടമായാണ്. അദാനി പവര്‍ ഓഹരിയെ പറ്റി നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് താഴെ പറയുന്നത്.

​അദാനി പവര്‍: കഴിഞ്ഞ 5 വര്‍ഷത്തെ പ്രകടനം

കഴിഞ്ഞ 5 വര്‍ഷ്ത്തില്‍ ഓഹരി 10 മടങ്ങ് റിട്ടേണ്‍ കൈവരിച്ചു. അതായത് ഓഹരി വില 23 രൂപയില്‍ നിന്ന് 230 രൂപയായി ഉയര്‍ന്നു. ഏകദേശം 900 ശതമാനത്തിലധികം റിട്ടേണ്‍ സൂചിപ്പിക്കുന്നു. ഇക്കാലയളവില്‍ കമ്പനി കൈവരിച്ച ശേഷി വര്‍ധനവ് എടുത്തുപറയേണ്ടതാണ്. 2021-ല്‍ കമ്പനിയുടെ ഇന്‍സ്റ്റാള്‍ഡ് തെര്‍മല്‍ പവര്‍ ശേഷി 12,410 മെഗാവാട്ട് ആയിരുന്നു. എന്നാല്‍ 2026 കണക്കുകള്‍ പ്രകാരം ഇത് 18,150 മെഗാവാട്ടാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തെര്‍മല്‍ പവര്‍ ഉല്‍പ്പാദകരാണ് ഇന്ന് കമ്പനി.

രുമാനത്തിലും ലാഭത്തിലും ഉണ്ടായ വര്‍ധന

2021 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം കമ്പനിയുടെ വരുമാനം 26,221 കോടി രൂപയായിരുന്നു. 2026 മാര്‍ച്ചില്‍ ഇത് 54,241 കോടി രൂപയാണ്. ഇതേ കാലയളവില്‍ അറ്റാദായം 1,270 കോടി രൂപയില്‍ നിന്ന് 12,971 കോടി രൂപയായി കുതിച്ചു. കമ്പനിയുടെ ആകെ ആസ്തികള്‍ 2021 -ലെ 78,535 കോടി രൂപയില്‍ നിന്ന് 2026 -ല്‍ 1,41,469 കോടി രൂപയായി. കമ്പനിയുടെ റിസര്‍വുകള്‍ 9,256 കോടി രൂപയില്‍ നിന്ന് 61,080 കോടി രൂപയായി വളര്‍ന്നു. കമ്പനിയുടെ സാമ്പത്തിക അടിത്തറ ശക്തമായെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്.

​ഭാവി സാധ്യതകളും വിദഗ്ധരുടെ പ്രവചനങ്ങളും

വരും വര്‍ഷങ്ങളില്‍ കമ്പനിയുടെ മൊത്തം ശേഷി 41,870 മെഗാവാട്ടായി ഉയര്‍ത്താനാണ് മാനേജ്‌മെന്റ് ലക്ഷ്യം വയ്ക്കുന്നത്. 2032 ഓടെ 23.7 ജിഗാവാട്ട് ശേഷി കൈവരിക്കാനും കമ്പനി പ്ലാന്‍ ചെയ്യുന്നു. 2031 സാമ്പത്തിക വര്‍ഷത്തോടെ 50,000 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം (EBITDA) കൈവരിക്കാനും കമ്പനി കോപ്പുകൂട്ടുന്നു.പ്രവര്‍ത്തന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി കമ്പനി വലിയ തുകയാണ് മാറ്റിവെച്ചിരിക്കുന്നത്. 2026- 27 വര്‍ഷങ്ങളില്‍ 25,000 കോടി രൂപയും, 2027- 28 വര്‍ഷങ്ങളില്‍ 33,000 കോടി രൂപയും മൂലധന നിക്ഷേപമായി കമ്പനി വിനിയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കോര്‍ബ ഫേസ്-2 (Korba Phase-II), റായ്ഗഡ് ഫേസ്-2, റായ്പൂര്‍ ഫേസ്-2, മഹാന്‍ ഫേസ്-2 തുടങ്ങിയ പ്രധാന പ്രോജക്റ്റുകള്‍ അതിവേഗം പൂര്‍ത്തിയാക്കുകയാണ് കമ്പനി.

​നിക്ഷേപകര്‍ക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കമ്പനിയുടെ പവര്‍ ഉല്‍പ്പാദന ശേഷിയുടെ 95 ശതമാനവും ദീര്‍ഘകാല പവര്‍ പര്‍ച്ചേസ് എഗ്രിമെന്റുകള്‍ വഴി സുരക്ഷിതമാണ്. ഇത് വരുമാന ആശങ്ക കുറയ്ക്കുന്നു. സ്ഥിരതയുള്ള വരുമാനവും, കൃത്യമായ ക്യാഷ് ഫ്‌ലോയും ഉറപ്പാക്കുന്ന കാര്യമാണിത്. അപകടസാധ്യത കൂടിയ മെര്‍ച്ചന്റ് പവര്‍ എക്‌സ്‌പോഷര്‍ വെറും 5 ശതമാനമായി കുറച്ചിട്ടുണ്ട്.ഇന്ത്യയിലെ വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി ഉപഭോഗവും, വ്യവസായ മേഖലയുടെ കുതിപ്പും പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. അദാനി പവറിന് വരും വര്‍ഷങ്ങളില്‍ വലിയ ഡിമാന്‍ഡ് ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വെറും 5 വര്‍ഷത്തിനുള്ളില്‍ ശക്തമായ സാമ്പത്തിക അടിത്തറയുള്ള, കടബാധ്യതകള്‍ കൃത്യമായി നിയന്ത്രിക്കുന്ന ഒരു വന്‍കിട പവര്‍ പ്രൊഡ്യൂസറായി അദാനി പവര്‍ മാറിയിട്ടുണ്ട്. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്, യുഎസിലെ കേസുകള്‍ പോലുള്ള വെല്ലുവിളികള്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യാനും ഗൗതം അദാനിക്കും, കമ്പനിക്കും സാധിച്ചിട്ടുണ്ട്.

​​അദാനി പവര്‍: ഒറ്റനോട്ടത്തില്‍

  • നിലവിലെ ഓഹരി വില: 230 രൂപ
  • നിലവിലെ വിപണി മൂല്യം: 4,43,085 കോടി
  • 52 വീക്ക് ഹൈ/ ലോ: 254 രൂപ/ 110 രൂപ
  • സ്‌റ്റോക്ക് പിഇ: 34.7
  • ബുക്ക്‌വാല്യൂ: 33.7 രൂപ
  • ഡിവിഡന്റ്: 0.00%
  • ആര്‍ഒസിഇ: 17.2%
  • ആര്‍ഒഇ: 21.1%
  • മുഖവില: 2 രൂപ

Top News from last week.