ഫിലിം കോണ്‍ക്ലേവിലെ വിവാദ പരാമര്‍ശം; അടൂരിനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് നിയമോപദേശം

തിരുവനന്തപുരം: ഫിലിം കോണ്‍ക്ലേവിലെ വിവാദ പരാമര്‍ശത്തില്‍ അടൂര്‍ ഗോപാല കൃഷ്ണനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. അടൂരിന്റെ പ്രസംഗത്തില്‍ എസ്ഇ-എസ്ടി വിഭാഗങ്ങള്‍ക്കെതിരെ പരാമര്‍ശമില്ലെന്നും ഫണ്ട് നിര്‍ത്തലാക്കണമെന്നോ, ഫണ്ട് നല്‍കുന്നത് ശരിയില്ലെന്നോ അടൂര്‍ പറയുന്നില്ല എന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശത്തില്‍ പറയുന്നത്.

സിനിമ നയരൂപീകരണ യോഗത്തില്‍ അടൂര്‍ നടത്തിയ ഒരു അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ഒരു കേസ് എടുക്കാന്‍ സാധിക്കില്ല എന്നാണ് വിശദീകരണം.ഫിലിം കോണ്‍ക്ലേവ് സമാപന ചടങ്ങിലെ പ്രസംഗത്തിനിടേയാണ്് പട്ടികജാതി വിഭാഗത്തിനും സ്ത്രീകള്‍ക്കുമെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയതെന്ന ആരോപണം ഉയര്‍ന്നത്. സര്‍ക്കാര്‍ സഹായത്തോടെ് സിനിമയെടുക്കാന്‍ വരുന്ന എസ് സി എസ്ടി വിഭാഗക്കാര്‍ക്കും സ്ത്രീകള്‍ക്കും പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശം. ചലച്ചിത്ര കോര്‍പ്പറേഷന്‍ വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും അത് മൂന്നു പേര്‍ക്ക് വീതിച്ചുകൊടുക്കുകയാവും നല്ലതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

അടൂര്‍ ഗോപാലകൃഷ്ണനെതിരെ വനിതാ കമ്മീഷന് സംഘടനകള്‍ പരാതി നല്‍കിയിട്ടുമുണ്ട്. ഡബ്ല്യുസിസി, ദിശ, അന്വേഷി ഉള്‍പ്പെടെ വനിതാ സംഘടനകളാണ് പരാതി നല്‍കിയത്. അടൂരിനെ വിളിച്ചുവരുത്തി വിശദീകരണം തേടണമെന്നാണ് പരാതിയിലെ ആവശ്യം. സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് അടൂരിനെ മാറ്റിനിര്‍ത്താന്‍ നിര്‍ദേശം നല്‍കണമെന്നും അടൂരിന്റേത് സ്ത്രീ വിരുദ്ധ പരാമര്‍ശമാണെന്നും ഗായിക പുഷ്പവതിയെ അധിക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നു.

Top News from last week.

Latest News

More from this section