കണ്ണൂർ കോർപ്പറേഷൻ മേയറായി അഡ്വ.പി ഇന്ദിരയെ തെരഞ്ഞെടുത്തു

കണ്ണൂർ കോർപ്പറേഷൻ മേയറായിഅഡ്വ.പി ഇന്ദിരയെ തെരഞ്ഞെടുത്തു.56 അംഗ കോർപറേഷൻ കൗൺസിലിൽ യുഡിഎഫ് മേയർ സ്ഥാനാർത്ഥിയായി മത്സരിച്ച കോൺഗ്രസിലെ അഡ്വ.പി ഇന്ദിരക്ക് 36 വോട്ടും എൽഡിഎഫിലെ വി കെ പ്രകാശിനിക്ക് 15 ഉം ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച അർച്ചന വണ്ടിച്ചാൽ നാലും വോട്ടുകളും നേടി.

ഒരു വോട്ട് അസാധുവായി.

കഴിഞ്ഞ കോർപറേഷൻ കൗൺസിലിൽ ഡെപ്യൂട്ടി മേയറായിരുന്ന അഡ്വ.പി ഇന്ദിര നിലവിൽ പയ്യാമ്പലം ഡിവിഷനിൽ നിന്നാണ് കോർപറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വിമത സ്ഥാനാർത്ഥി ഉൾപ്പെട ഉയർത്തിയ വെല്ലുവിളി നേരിട്ടാണ് അഡ്വ.പി ഇന്ദിര തിളക്കമാർന്ന വിജയംനേടിയത്.

ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയായ കെ ടി താഹിർ ആണ് മേയർ അഡ്വ.പി ഇന്ദിരയുടെ പേര് നിർദ്ദേശിച്ചത്. കോൺഗ്രസ് പാർലിമെന്ററി പാർട്ടി ലീഡർ റജിൽ മാക്കുറ്റി പിന്താങ്ങി. എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച തിലാനൂർ ഡിവിഷനിൽ കൗൺസിലർ വി കെ പ്രകാശിനിയുടെ പേര് ഇ ബീന നിർദ്ദേശിച്ചു. സി സി ഗംഗാധരൻ പിന്താങ്ങി. ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച ടെംപിൾ ഡിവിഷൻ കൗൺസിലർ അർച്ചന വണ്ടിച്ചാലിനെ എ കെ മജേഷ് നിർദ്ദേശിച്ചപ്പോൾ പി മഹേഷ് പിന്താങ്ങി.

ഭരണാധികാരിയായി കൂടിയായ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ അധ്യക്ഷതയിലാണ് കോർപറേഷൻ മേയർ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയായത്.

കോർപ്പറേഷനിലെ

ആകെയുള്ള 56 ഡിവിഷനുകളിൽ 36 ഡിവിഷനുകൾ യുഡിഎഫിനും 15 എണ്ണം എൽഡിഎഫിനും നാല് ഡിവിഷനുകൾ എൻഡിഎയ്ക്കും ഒരു ഡിവിഷൻ എസ്ഡിപിഐക്കുമാണ് ലഭിച്ചത്.

ഉച്ചയ്ക്ക് ശേഷം ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് വാരം ഡിവിഷനിൽ നിന്നും വിജയിച്ച മുസ്ലിംലീഗിലെ കെ പി താഹിർ ആണ് യുഡിഎഫ് സ്ഥാനാർത്ഥി. ചൊവ്വ ഡിവിഷനിൽ നിന്നും വിജയിച്ച സിപിഐഎമ്മിലെ എംപി അനിൽകുമാർ എൽഡിഎഫ് സ്ഥാനാർത്ഥിയായും തുളിച്ചേരി ഡിവിഷനിൽ നിന്ന് വിജയിച്ച ബിജെപിയിലെ എം കെ മജേഷ് എൻഡിഎ സ്ഥാനാർത്ഥിയായും മത്സരിക്കും.

Top News from last week.

Latest News

More from this section