കേരളത്തിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; കർശന നിയന്ത്രണങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

സ്വതന്ത്രവും നീതിപൂർവ്വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ എല്ലാവരും മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടു.

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് ( ഏപ്രിൽ 7-ന്) വൈകുന്നേരം 6 മണിയോടെ അവസാനിക്കുമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു. ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ് (Silence Period) ആരംഭിക്കുന്നതോടെ കർശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തുന്നത്.

ഭയരഹിതമായും സ്വാധീനങ്ങൾക്ക് വഴങ്ങാതെയും വോട്ടർമാർക്ക് സമ്മതിദാന അവകാശം വിനിയോഗിക്കാൻ സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ. 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള നിർണ്ണായകമായ വോട്ടെടുപ്പാണ് വ്യാഴാഴ്ച നടക്കുന്നത്. സ്വതന്ത്രവും നീതിപൂർവ്വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ എല്ലാവരും മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കർശന നിയന്ത്രണങ്ങൾ ഇങ്ങനെ

1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126 അനുസരിച്ച്, നിശബ്ദ പ്രചാരണ കാലയളവിൽ പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നതിനോ അതിൽ പങ്കെടുക്കുന്നതിനോ നിരോധനമുണ്ട്. ഘോഷയാത്രകൾ, റാലികൾ, സംഗീത പരിപാടികൾ, നാടകങ്ങൾ അല്ലെങ്കിൽ വോട്ടർമാരെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ള മറ്റ് വിനോദ പരിപാടികൾ എന്നിവ പാടില്ല. ടെലിവിഷൻ, സിനിമ അല്ലെങ്കിൽ സമാനമായ മറ്റ് ഉപകരണങ്ങൾ വഴി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ പ്രദർശിപ്പിക്കുന്നതും അനുവദിക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. ഈ നിയന്ത്രണം റേഡിയോ സംപ്രേഷണങ്ങൾക്കും ബാധകമാണ്.

പരസ്യങ്ങൾക്ക് അനുമതി വേണം

വോട്ടെടുപ്പ് ദിവസവും അതിന് തൊട്ടുതലേന്നുള്ള ദിവസവും പത്രങ്ങളിൽ രാഷ്ട്രീയ പരസ്യങ്ങൾ നൽകുന്നതിന് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (MCMC) മുൻകൂർ അനുമതി ആവശ്യമാണ്. കൂടാതെ, മണ്ഡലത്തിന് പുറത്തുനിന്നുള്ള രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും പ്രചാരണ സമയം അവസാനിച്ചാലുടൻ അവിടെനിന്നും മടങ്ങണമെന്നും നിർദ്ദേശമുണ്ട്. മണ്ഡലത്തിൽ വോട്ടില്ലാത്ത രാഷ്ട്രീയ ഭാരവാഹികൾക്കും ഈ ഉത്തരവ് ബാധകമാണ്.

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും പൊതുജനങ്ങളും സഹകരിക്കണമെന്ന് ഡോ. രത്തൻ യു. ഖേൽക്കർ അഭ്യർത്ഥിച്ചു. സംസ്ഥാനത്തുടനീളം കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് വോട്ടെടുപ്പിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.

Top News from last week.

Latest News

More from this section