തിരച്ചിലിനൊടുവിൽ നാലാം നാൾ എത്തിയത് മരണവാർത്ത; ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

1500 ഓളം അടി താഴ്ചയിൽ വെള്ളച്ചാട്ടത്തിനു സമീപത്തായാണ് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്.

കുടുംബത്തോടൊപ്പം കർണാടകയിലെ ചിക്കമഗളൂരു ചന്ദ്രദ്രോണ കുന്നിൻ പ്രദേശത്തെ മാണിക്യധാര വെള്ളച്ചാട്ടം കാണാൻ പോയ ശ്രീനന്ദയ്ക്കായുള്ള തിരച്ചിൽ അവസാനിച്ചു. കുട്ടിയെ കാണാതായ നാലാനാൾ 1500 അടി താഴ്ച്ചയിൽ നിന്ന് മൃതദേഹം കണ്ടെടുത്തു.

പാലക്കാട് കടമ്പഴിപുറത്തെ രമേശിന്റെ മകൾ ശ്രീനന്ദ(15)യെയാണ് ചൊവ്വാഴ്ച വൈകീട്ടോടെ കാണാതായത്. ചിക്കമംഗളൂരുവിലെ ബാബാബുഡാൻ ഗിരികുന്നിലെ മാണിക്കധാര വെള്ളച്ചാട്ടം കാണാനാണ് സംഘം എത്തിയത്. 40-ഓളം കുടുംബാംഗങ്ങളുടെ സംഘത്തിനൊപ്പമാണ് പത്താം ക്ലാസുകാരി ശ്രീനന്ദ ഏത്തിയത്.

തിരികെ മടങ്ങുന്നതിനിടെയാണ് മകൾ തങ്ങളോടൊപ്പമില്ലെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞത്.  പിന്നാലെ ശ്രീനന്ദയ്ക്കുവേണ്ടി വൻ തിരച്ചിൽ നടത്തിയിരുന്നു. കർണാടക സർക്കാർ സ്പെഷ്യൽ ടാസ്ക് ഫോഴ്സിനെ അടക്കം ഉൾപ്പെടുത്തി അന്വേഷണം വ്യാപിപ്പിച്ചിരുന്നു. നൂറോളം വരുന്ന സംഘമാണ് ഇന്ന് രാവിലെ മുതൽ തിരച്ചിൽ നടത്തിയത്. എന്നാൽ പ്രതീക്ഷകളും പ്രാർഥനകളും വിഫലം. 1500 ഓളം അടി താഴ്ചയിൽ വെള്ളച്ചാട്ടത്തിനു സമീപത്തായാണ് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ള ഉന്നതോദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.

മൃതദേഹം കണ്ടെത്തിയ സ്ഥലം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. എന്നാൽ കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഇന്ന് നൂറംഗം വരുന്ന ടാസ്ക് ഫോഴ്സ് ആണ് ഇന്ന് ബാബാബുഡൻഗിരിയുടെ താഴ്വാരത്ത് തിരച്ചിൽ നടത്തിയത്. ഫയർഫോഴ്സും പോലീസും നാട്ടുകരുമടങ്ങുന്ന വലിയൊരു സംഘം തന്നെ പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ തിരച്ചിൽ നടത്തിയിരുന്നു.

കേരളാ പോലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഡ്രോൺ അടക്കം ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. എന്നാൽ കുട്ടിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. വെള്ളിയാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുട്ടിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.


Top News from last week.

Latest News

More from this section