സിപിഐഎം ജനറൽ സെക്രട്ടറിയായി എം.എ ബേബി തെരഞ്ഞെടുക്കപ്പെട്ടു. പിബി യോഗത്തിൽ എം.എ. ബേബിയുടെ പേര് അംഗീകരിച്ചു. ഇഎംഎസിന് ശേഷം സിപിഐഎം ജനറൽ സെക്രട്ടറി പദവിയിലെത്തുന്ന രണ്ടാമത്തെ മലയാളിയാണ് എം.എ. ബേബി.
2016 മുതൽ സിപിഐഎമ്മിന്റെ കേന്ദ്രനേതൃത്വത്തിലാണ് ബേബിയുടെ പ്രവർത്തനം. 1989-ൽ കേന്ദ്രകമ്മിറ്റി അംഗമായ ബേബി, 2012-ലാണ് പിബിയിലെത്തുന്നത്. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയപ്രവർത്തനത്തിലെ അരനൂറ്റാണ്ടിലധികകാലത്തെ അനുഭവക്കരുത്തുമായാണ്. എംഎ ബേബി സിപിഐഎമ്മിന്റെ ജനറൽ സെക്രട്ടറിയാവുന്നത്. അടിയന്താരാവാസ്ഥക്കാലത്തെ വിദ്യാർത്ഥി പോരാട്ടങ്ങളിലൂടെ ഉയർന്നുവന്ന ബേബി സ്വാതന്ത്ര്യാനന്തരതലമുറ കണ്ട രാഷ്ട്രീയ നേതാക്കളിൽ പ്രമുഖനാണ്.
രാഷ്ട്രീയത്തിനു പുറമെ സാംസ്‌കാരിക ചിന്തകനായും സൈദ്ധാന്തികനായും ദാർശനികനായും ഭരണാധികാരിയായും തിളങ്ങിയ ശേഷമാണ് എംഎ ബേബി ഇഎംഎസിനു പിൻഗാമിയായി കേരള പാർട്ടിയിൽ നിന്നും ഇന്ത്യൻ പാർട്ടിയുടെ പരമോന്നത പദവിയിലെത്തുന്നത്.
എഴുപതുകളിൽ കേരളത്തിലെ ക്യാമ്പസുകൾ ഉറക്കെ വിളിച്ച മുദ്രാവാക്യം, നാലരപ്പതിറ്റാണ്ടിനു ശേഷം മധുരയുടെ മണ്ണിൽ നിന്നും മുഴങ്ങുകയാണ്- ‘എംഎ ബേബി നമ്മെ നയിക്കും’. 1972ലെ ഒമ്പതാം മധുര കോൺഗ്രസിന് മുന്നോടിയായുള്ള കൊല്ലം സംസ്ഥാനസമ്മേളന കാലത്താണ് പി.എം. അലക്സാണ്ടർ മാഷിന്റെയും ലില്ലിയുടെയും എട്ടു മക്കളിൽ ഇളയവൻ ബേബി പാർടി അംഗത്വത്തിലെത്തിയത്. മധുരയിൽ നിന്ന് തുടങ്ങി മധുരയിലെത്തി നിൽക്കുന്ന മറ്റൊരു മധുരമനോഹര സമ്മേളനത്തിൽ പാർട്ടിയുടെ അഖിലേന്ത്യാ ജനറൽസെക്രട്ടറി.
അറസ്റ്റും മർദ്ദനവും ജയിലറകളും നിറഞ്ഞ അടിയന്തരാവസ്ഥയുടെ തീച്ചൂള കടന്നെത്തിയ വിപ്ലവ വിദ്യാർത്ഥിസമൂഹത്തിന്റെ ആകെയും പ്രതീകമാണ് എംഎ ബേബി. പ്രാക്കുളം എൻഎസ്എസ് കോളേജിലെ കെഎസ്എഫിന്റെ യൂനിറ്റ് സെക്രട്ടറി. 1975ൽ എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡണ്ടായപ്പോൾ കോടിയേരി ബാലകൃഷ്ണനായിരുന്നു സെക്രട്ടറി. 1979ൽ പാറ്റ്നയിൽ നടന്ന അഖിലേന്ത്യാ സമ്മേളനത്തിൽ പ്രകാശ്കാരാട്ടിന്റെ പിൻഗാമിയായി എസ്എഫ്ഐയുടെ അഖിലേന്ത്യ പ്രസിഡന്റായപ്പോൾ സീതാറാം യെച്ചൂരിയിരുന്നു ജോയിന്റ് സെക്രട്ടറി.
ഇഎംഎസ്, ബിടി രണദിവെ, ബസവപുന്നയ്യ, ഹർകിഷൻസിങ് സുർജിത്, തുടങ്ങിയ മഹാമനുഷ്യരുടെ തണലിലായിരുന്നു എംഎ ബേബിയുടെയും വിദ്യാർത്ഥിരാഷ്ട്രീയ ജീവിതം ചുവടുവെച്ചത്. ദില്ലിയിലെ ജൻപത്റോഡിലെ ഒരു കൊച്ചു മുറിയിലായിരുന്നു അക്കാലത്ത് എസ്എഫ്ഐ ഓഫീസ്. ശൈത്യകാലത്ത് മേശ കട്ടിലാക്കി ജനൽകർട്ടനുകളൂരി പുതച്ചുറങ്ങിയ കാലത്തിന് അൽപ്പംകൂടി വിസ്താരം വന്നത് വിതൽഭായ്പട്ടേൽ ഹൗസിലേക്ക് ഓഫീസ് മാറ്റപ്പെട്ടതോടെയാണ്.
1982ൽ സഖാവ് ബെറ്റി ലൂയിസ് ബേബിയുടെ ജീവിതപങ്കാളിയായി. 1986ൽ രാജ്യസഭാംഗമാകുമ്പോൾ പാർലമെന്റിലെയും ബേബിയായിരുന്നു എംഎ ബേബി. 1992ലും രാജ്യസഭാംഗമായി തുടർന്നു. 1984ൽ സി.പി.ഐഎം സംസ്ഥാന സമിതിയിൽ അംഗമായ ബേബി 1987ൽ ഡിവൈഎഫ്ഐയുടെ അഖിലേന്ത്യ പ്രസിഡന്റായി. 1989ൽ കേന്ദ്ര കമ്മിറ്റി അംഗം. 92ൽ കേന്ദ്ര സെക്രട്ടറിയേറ്റ് അഗം, 97ൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, 2002ൽ ആലപ്പുഴ ജില്ലാ സെക്രട്ടറി, 2012 മുതൽ പൊളിറ്റ് ബ്യൂറോ അംഗം. 2006ൽ കുണ്ടറയിൽ നിന്ന് ജയിച്ച് ബേബി വിഎസ് മന്ത്രിസഭാംഗമായി. ജോസഫ് മുണ്ടശേരിക്കു ശേഷം കേരളം കണ്ട വിദ്യാഭ്യാസമന്ത്രിയായി പേരെടുത്തു.






