Advertisement
Advertisement
Saturday, September 12, 2026
Kerala

ഓണവിപണി ഇടപെടലുമായി കൃഷിവകുപ്പ്; സംസ്ഥാനത്ത് 2,000 കർഷക ചന്തകൾ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 22-ന് കുടപ്പനക്കുന്നിൽ

Advertisement
Advertisement

തിരുവനന്തപുരം: ഓണക്കാലത്ത് കർഷകർക്ക് മികച്ച വിപണിയും ഉപഭോക്താക്കൾക്ക് ന്യായവിലയിൽ ഗുണമേന്മയുള്ള കാർഷിക ഉൽപ്പന്നങ്ങളും ഉറപ്പാക്കുന്നതിനായി കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2,000 ഓണവിപണികൾ (ഓണസമൃദ്ധി – കർഷക ചന്തകൾ) സംഘടിപ്പിക്കുന്നു. ‘കർഷകന് മികച്ച വില – ഉപഭോക്താവിന് ന്യായവില’ എന്ന സന്ദേശമുയർത്തിയാണ് കൃഷിഭവനുകൾ, വി.എഫ്.പി.സി.കെ., ഹോർട്ടികോർപ്പ് എന്നിവയുടെ നേതൃത്വത്തിൽ ഓണവിപണി ഇടപെടൽ പദ്ധതി നടപ്പാക്കുന്നത്.

Advertisement

കർഷകന്റെ അധ്വാനഫലങ്ങൾ ഓരോ വീടുകളുടെയും ഓണസദ്യയുടെ ഭാഗമാകുന്ന ഈ വേളയിൽ, കർഷകന് അർഹമായ വില ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള കാർഷിക ഉൽപ്പന്നങ്ങൾ ന്യായവിലയിൽ ലഭ്യമാക്കുക എന്നതാണ് കൃഷി വകുപ്പിന്റെ ലക്ഷ്യം.

ഇടനിലക്കാരുടെ ഇടപെടൽ പരമാവധി കുറച്ച് കർഷകരിൽ നിന്ന് നേരിട്ട് പഴം-പച്ചക്കറികൾ സംഭരിച്ച് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന സംവിധാനമാണ് കർഷക ചന്തകളിലൂടെ ഒരുക്കുന്നത്. പൊതുവിപണിയിലെ മൊത്തവിലയേക്കാൾ 10 ശതമാനം അധികവില നൽകി കർഷകരിൽ നിന്ന് പച്ചക്കറികൾ സംഭരിക്കുകയും, പൊതുവിപണിയിലെ ചില്ലറവിലയേക്കാൾ 30 ശതമാനം വരെ കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയും ചെയ്യും. ജൈവ ഉൽപ്പന്നങ്ങൾക്കും പ്രത്യേക വില ആനുകൂല്യം ഉറപ്പാക്കിയിട്ടുണ്ട്.

കർഷക ചന്തകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി ഇത്തവണ കൃഷിവകുപ്പ് സംയോജിത ഡിജിറ്റൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. കർഷകരിൽ നിന്ന് സംഭരിക്കുന്ന കാർഷിക ഉൽപ്പന്നങ്ങളുടെ വിവരങ്ങളും വിപണനവുമായി ബന്ധപ്പെട്ട കണക്കുകളും തത്സമയം രേഖപ്പെടുത്താനും നിരീക്ഷിക്കാനും ഈ സംവിധാനത്തിലൂടെ കഴിയും. അതോടൊപ്പം, കർഷകർക്ക് ഉൽപ്പന്നങ്ങളുടെ വിലയായി ലഭിക്കേണ്ട തുക DBT സംവിധാനത്തിലൂടെ കാലതാമസമില്ലാതെ നേരിട്ട് ബാങ്ക് അക്കൗണ്ടുകളിൽ ലഭ്യമാക്കുന്നതിനുള്ള സൗകര്യവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ഓരോ വിപണിയിലെയും കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണം, വിപണനം, കർഷകരുമായുള്ള പണമിടപാട് എന്നിവ ഒരൊറ്റ ഡിജിറ്റൽ സംവിധാനത്തിലൂടെ ഏകോപിപ്പിക്കാനാകും.

ഈ വർഷം സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും കുറഞ്ഞത് ഒരു ഓണവിപണിയെങ്കിലും ഉറപ്പാക്കിയിട്ടുണ്ട്. ആകെ 2,000 വിപണികളിൽ 1,074 എണ്ണം കൃഷിവകുപ്പും, 160 എണ്ണം വി.എഫ്.പി.സി.കെ.യും, 766 എണ്ണം ഹോർട്ടികോർപ്പും സംഘടിപ്പിക്കും. കൃഷിഭവനുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കർഷക കൂട്ടായ്മകൾ, ഇക്കോഷോപ്പുകൾ, ക്ലസ്റ്ററുകൾ, കൃഷിക്കൂട്ടങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് വിപണികൾ പ്രവർത്തിക്കുക.

ഓണവിപണികളിൽ പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന പഴം-പച്ചക്കറികൾക്കൊപ്പം മറയൂർ ശർക്കര, മറയൂർ വെളുത്തുള്ളി, തേൻ, മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾ, കേരളഗ്രോ ബ്രാൻഡ് ഉൽപ്പന്നങ്ങൾ എന്നിവയും ലഭ്യമാകും. വിപണികൾ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പ്രവർത്തിക്കുക.

ഓണസമൃദ്ധി കർഷക ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം 2026 ആഗസ്റ്റ് 22 ശനിയാഴ്ച രാവിലെ 10.30-ന് കുടപ്പനക്കുന്ന് കൃഷിഭവൻ അങ്കണത്തിൽ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയിൽ കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് നിർവഹിക്കും.

ചടങ്ങിൽ തിരുവനന്തപുരം മേയർ വി.വി. രാജേഷ്, തിരുവനന്തപുരം എം.പി. ശശി തരൂർ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി എന്നിവർ മുഖ്യാതിഥികളാകും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

 

*പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ*

*ഫാം ഇൻഫർമേഷൻ ബ്യൂറോ*

Advertisement
Advertisement
Advertisement
Advertisement
Advertisement