ഡ്രോൺ പൈലറ്റ് ആവാൻ കൃഷിമന്ത്രി*



വയനാട്: കൃഷിയിടങ്ങളിൽ ഡ്രോൺ പറത്താൻ കൃഷിമന്ത്രിയും. കർഷകർക്ക് ഡ്രോൺ പൈലറ്റിംഗ് പരിശീലനവും ലൈസൻസും ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായി കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖും ഡ്രോൺ പരിശീലനത്തിൽ പങ്കാളിയായി.
പരിശീലനം പൂർത്തിയാക്കി ലൈസൻസ് നേടുന്നതോടെ ഇന്ത്യയിൽ ആദ്യമായി ഡ്രോൺ പൈലറ്റ് ലൈസൻസ് നേടുന്ന മന്ത്രിയെന്ന പ്രത്യേകതയും അഡ്വ. ടി. സിദ്ദിഖിന് സ്വന്തമാകും.
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ‘അഗ്രി ടെക്നോളജി മീറ്റ് 2026’ന്റെ ഭാഗമായാണ് കർഷകർക്ക് ഡ്രോൺ പൈലറ്റിംഗ് പരിശീലനം നൽകുന്നത്. കാർഷിക മേഖലയിൽ ആധുനിക സാങ്കേതികവിദ്യകൾ കൂടുതൽ വ്യാപകമായി പ്രയോജനപ്പെടുത്തി കൃഷിയുടെ ചെലവ് കുറയ്ക്കുകയും ഉൽപാദനക്ഷമതയും കർഷകരുടെ വരുമാനവും വർധിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നുള്ള നൂറോളം കർഷകർക്ക് അഗ്രി ടെക്നോളജി മീറ്റിന്റെ ഭാഗമായി ഡ്രോൺ പൈലറ്റിംഗ് പരിശീലനം നൽകും. ഡിജിസിഎ (DGCA) ലൈസൻസുള്ള ഫ്യൂസലേജ് ഏവിയേഷനുമായി സഹകരിച്ചാണ് പരിശീലനം. പരിശീലനത്തിലൂടെ കർഷകർക്ക് കാർഷിക ആവശ്യങ്ങൾക്കായി ഡ്രോൺ സാങ്കേതികവിദ്യ സ്വന്തം നിലയിൽ പ്രയോജനപ്പെടുത്തുന്നതിനുള്ള സാങ്കേതിക പരിജ്ഞാനവും ലൈസൻസും നേടാനുള്ള അവസരമാണ് ഒരുക്കുന്നത്.
കൃഷിയിടങ്ങളിൽ വളപ്രയോഗം, കീടനാശിനി പ്രയോഗം തുടങ്ങിയവ കൂടുതൽ കൃത്യതയോടെയും കുറഞ്ഞ സമയത്തും നടത്താൻ ഡ്രോൺ സാങ്കേതികവിദ്യ സഹായിക്കും. തൊഴിലാളിക്ഷാമവും ഉയർന്ന ഉൽപാദനച്ചെലവും ഉൾപ്പെടെയുള്ള വെല്ലുവിളികൾ നേരിടുന്ന കാർഷിക മേഖലയ്ക്ക് ഡ്രോൺ സാങ്കേതികവിദ്യ വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.








