യു.എസ്. വ്യോമാക്രമണങ്ങൾ ഫലം കാണാത്തതിനെത്തുടർന്ന് ഇറാനെതിരെ പുതിയ ആക്രമണ തന്ത്രങ്ങൾ തേടി അമേരിക്കൻ സൈനിക വിഭാഗമായ സെൻട്രൽ കമാൻഡ് രംഗത്തെത്തി. ആഴ്ചകൾ നീണ്ട ആക്രമണങ്ങൾക്കു ശേഷവും ഇറാനെ വഴക്കാനകാത്ത സാഹചര്യത്തിലാണ് പരമ്പരാഗതമല്ലാത്ത വഴികൾ തിരയുന്നതെന്ന് ഒരു മുതിർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥന്റെ സന്ദേശം വ്യക്തമാക്കുന്നു.
ഇറാനെതിരെ ശക്തമായ വ്യോമാക്രമണത്തിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുത്തിരുന്നെങ്കിലും സൗദി അറേബ്യൻ കിരീടാവകാശിയുടെ ഉന്നതതല ഇടപെടലിനെത്തുടർന്ന് താൽക്കാലികമായി പിന്മാറുകയായിരുന്നു. നിലവിൽ ‘പിക്ക്ആക്സ് മൗണ്ടൻ’ പോലുള്ള ഇറാന്റെ ആഴത്തിലുള്ള ഭൂഗർഭ ആണവ കേന്ദ്രങ്ങൾ കേവലം ബോംബാക്രമണം കൊണ്ട് തകർക്കാനാവില്ലെന്ന് സി.ഐ.എ ഉൾപ്പെടെയുള്ള അമേരിക്കൻ ഇന്റലിജൻസ് ഏജൻസികൾ വിലയിരുത്തുന്നു. വ്യോമസേനയ്ക്ക് പരിധികളുണ്ടെന്ന് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാനും സമ്മതിച്ചിട്ടുണ്ട്.
ഇറാനിലേക്ക് പൂർണ്ണമായ ഒരു കരസേനാ ആക്രമണം നടത്തുക മാത്രമാണ് നിലവിലുള്ള ഏക വഴിയെങ്കിലും, അത് വലിയ രാഷ്ട്രീയ തിരിച്ചടിയാകാൻ സാധ്യതയുണ്ട്. വിദേശ യുദ്ധങ്ങളിൽ സൈനികരെ ബലികൊടുക്കില്ലെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനവും, ഇതിനോടകം കൊല്ലപ്പെട്ട 18 അമേരിക്കൻ സൈനികരുടെ ഓർമ്മയും, യുഎസ് ജനങ്ങളുടെ ആശങ്കകളും ട്രംപിന് വെല്ലുവിളിയാണ്. കൂടാതെ, മിസൈൽ ക്ഷാമവും സാധാരണക്കാരുടെ ജീവന് ഭീഷണിയാകുന്നതും അമേരിക്കയ്ക്ക് വലിയ ആശങ്ക തീർക്കുന്നു. നിലവിൽ വൻ ആക്രമണങ്ങളിൽ നിന്ന് പിന്മാറിയെങ്കിലും ഇറാനെ കഠിനമായി നേരിടുമെന്ന നിലപാടിൽ മാറ്റമില്ലാത്തതിനാൽ അമേരിക്കയുടെ അടുത്ത നീക്കം എന്താകുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.








