വി.എൻ.അൻസൽ
കണ്ണൂർ: ഹൃദയത്തിന്റെ സ്ഥാനമാണ് മെഷിനറികളുടെ എഞ്ചിന്. എഞ്ചിന്റെ ഡോക്ടറാണ് ഇരിട്ടി മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിന്നു തൊട്ടടുത്ത അജയകുമാർ ഈരായി. എഞ്ചിന്റെ പ്രവർത്തനത്തിലെ ശബ്ദം കേട്ടാൽ അസുഖം മനസിലാകും. ഡോക്ടർ നാഡിമിടിപ്പു പരിശോധിക്കന്നത്രയും സമയം വേണ്ട, അജയകുമാറിന് യന്ത്ര ഹൃദയങ്ങളുടെ അസുഖമറിയാൻ.
മനുഷ്യരുമായുള്ള ബന്ധം അതേ രീതിയിൽ തന്നെ യന്ത്രങ്ങളോടും തുടരുകയാണ് അജയകുമാർ കഴിഞ്ഞ 35 വർഷമായി. മനുഷ്യരേക്കാൾ ഒരു പടി മുന്നിൽ യന്ത്രങ്ങളെ നിർത്തും.അജയകുമാർ ഈരായി കൈ വെച്ചാൽ പണിമുടക്കിയ ഏതു യന്ത്രവും സട കുടയും.
പണിമുടക്കിയ ഏതു എഞ്ചിനുകളും അജയകുമാറിനു മുന്നിൽ സുല്ലിടും. തോട്ടട പോളിടെക്നിക്കിലെ അഭ്യാസങ്ങളല്ല, വർഷങ്ങളുടെ അനുഭവങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത കഴിവാണിത്.
തീവണ്ടി എഞ്ചിനുകൾ പോലും ശരിയാക്കിയെടുക്കാൻ നിമിഷങ്ങൾ മതി.
ഇപ്പോൾ മുണ്ടയാട് താമസിക്കുന്ന അജയകുമാറിനെ മെഷിനറികളുടെ തോഴനെന്നു വിളിക്കുന്നതിൽ സന്തോഷമേയുള്ളൂ.
അമേരിക്കൻ കമ്പനിയായ കമ്മിൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലായിരുന്നു പന്ത്രണ്ടു വർഷം. പൂന എരണ്ടു വന ട്രെയിനിംഗ്, പ്രൊഡക് ഷൻ സെന്ററുകളിൽ.2002 ൽ രാജി വെച്ച് സ്വന്തമായി എഞ്ചിനുകളെ ‘സുഖ’പ്പെടുത്തുന്നു. കക്കാട് വർക്ക്ഷോപ്പിലും ഫാക്ടറികളിൽ അവിടെ പോയും എഞ്ചിനുകളെ ശരിയാക്കിയെടുക്കുന്നു. കക്കാടൻ ഇ .കെ.ഗോപാലന്റെയും ഈരായി സരോജിനിയുടെയും അഞ്ചു മക്കളിൽ ഇളയവനാണ് അറുപതുകാരനായ അജയ കുമാർ.ഭാര്യ പ്രജീന ചെറുകിട വ്യവസായ കേന്ദ്രത്തിലെ ജീവനക്കാരിയാണ്.
അജയകുമാർ ഇപ്പോൾ രണ്ടു സിനിമകളിലും ചെറുതല്ലാത്ത വേഷം ചെയ്തിട്ടുണ്ട്.