സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സേവനദാതാക്കളായ അക്ഷയപദ്ധതി, കണ്ണൂര്‍ ജില്ലയിലെ 73 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു. പൊതുവിഭാഗത്തില്‍ 65 ലൊക്കേഷനിലേക്കുംg പട്ടികജാതി വിഭാഗത്തില്‍ ആറും പട്ടിക വര്‍ഗ്ഗ വിഭാഗത്തിലേക്ക് രണ്ടും ലൊക്കേഷനിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. സംരംഭകത്വ ശേഷിയും സാമൂഹ്യ പ്രതിബദ്ധതയുമുള്ള, 2026 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവരും 50 വയസ് കവിയാത്തവരുമായവര്‍ക്ക് അപേക്ഷിക്കാം. (എല്ലാ വിഭാഗക്കാര്‍ക്കും ഈ പ്രായപരിധി ബാധകമാണ്) ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അടിസ്ഥാന യോഗ്യത: പ്ലസ് ടു/പ്രീഡിഗ്രി. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. അധികയോഗ്യതകള്‍ക്കും, വനിത, പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും അപേക്ഷിക്കുന്ന ലൊക്കേഷനില്‍ താഴത്തെ നിലയിലുള്ള 300 സ്‌ക്വയര്‍ഫീറ്റില്‍ കുറയാത്ത സ്വന്തം/വാടക മുറി സൗകര്യമുള്ളവര്‍ക്കും പ്രത്യേക വെയ്റ്റേജ് (അധിക മാര്‍ക്ക്) ലഭിക്കും. പട്ടികജാതി-വര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ ജാതി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതാണ്.
ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒരു അപേക്ഷകന് ഓണ്‍ലൈന്‍ അപേക്ഷയില്‍ പരമാവധി മൂന്ന് ലൊക്കേഷനുകള്‍ വരെ തെരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍ ആദ്യ ലൊക്കേഷനാണ് മുന്‍ഗണന ലഭിക്കുക. ഒ എം ആര്‍ പരീക്ഷയ്ക്ക് അപേക്ഷകന് ഏത് ജില്ലയും പരീക്ഷക്കായി തിരഞ്ഞെടുക്കാവുന്നതാണ്. അപേക്ഷയില്‍ പറയുന്ന ലൊക്കേഷനില്‍ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍/ബ്ലോക്ക് /ജില്ല അപേക്ഷകന് കുറഞ്ഞത് രണ്ടുവര്‍ഷം സ്ഥിരതാമസം ഉണ്ടെങ്കില്‍ ഗ്രേസ് മാര്‍ക്ക് ലഭിക്കും. അഞ്ചുദിവസത്തില്‍ കുറയാത്ത അംഗീകൃത എന്റപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും.
ഓണ്‍ലൈന്‍ അപേക്ഷയിലെ വിവരങ്ങള്‍, ഒ എം ആര്‍ പരീക്ഷ, ഇന്റര്‍വ്യൂ എന്നിങ്ങനെ മൂന്നു തലത്തിലുള്ള പ്രക്രിയയിലൂടെയാണ് സംരംഭകരെ തിരഞ്ഞെടുക്കുന്നത്. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അസ്സല്‍ രേഖയുടെ സ്‌കാന്‍ ചെയ്ത കോപ്പി തന്നെ അപ്‌ലോഡ് ചെയ്യേണ്ടതാണ്. പ്രസ്തുത രേഖകളുടെ അസ്സല്‍, വെരിഫിക്കേഷന്‍ സമയത്ത് ഹാജരാക്കണം. ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ പരിഗണിക്കുന്നതല്ല. അപേക്ഷകര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ, അപൂര്‍ണമായതോ, തെറ്റായതോ, വ്യക്തതയില്ലാത്തതോ ആയ രേഖകള്‍ അപ്‌ലോഡ് ചെയ്തതായി തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതെങ്കിലും ഘട്ടത്തില്‍ കണ്ടെത്തിയാല്‍, അപേക്ഷകനെ അക്ഷയ സംരംഭകത്വ തെരഞ്ഞെടുപ്പില്‍ നിന്നും ഒഴിവാക്കുന്നതാണ്.
സ്വന്തമായോ, വാടകയോ 300 സ്‌ക്വയര്‍ഫീറ്റില്‍ കുറയാത്ത കെട്ടിട സൗകര്യം ഉണ്ട് എന്ന് അപേക്ഷയില്‍ രേഖപ്പെടുത്തുന്നവര്‍ കെ സ്മാര്‍ട്ട് പോര്‍ട്ടലില്‍നിന്ന് ലഭിക്കുന്ന ബില്‍ഡിംഗ് സര്‍ട്ടിഫിക്കറ്റ്, ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, വാടക കരാര്‍ എന്നിവ സമര്‍പ്പിക്കേണ്ടതാണ്. പ്രസ്തുത കെട്ടിടം/ കടമുറി അപേക്ഷകന്റെ പേരിലുള്ളതോ അപേക്ഷകന്റെ പേരിലുള്ള വാടക കരാറോ ആയിരിക്കണം. പ്രസ്തുത കെട്ടിടം/കടമുറി നിശ്ചിത ലൊക്കേഷനില്‍ തന്നെയായിരിക്കണം. അല്ലാത്തപക്ഷം പരിശോധന സമയത്ത് പ്രസ്തുത അപേക്ഷകള്‍ ഒഴിവാക്കുന്നതാണ്. പ്രസ്തുത രേഖകളുടെ അസ്സല്‍ വെരിഫിക്കേഷന്‍ സമയത്ത് ഹാജരാക്കേണ്ടതാണ്. പുതുതായി ആരംഭിക്കുന്ന അക്ഷയകേന്ദ്രങ്ങള്‍ താഴത്തെ നിലയില്‍ തന്നെയാകേണ്ടതാണ്. പൊതുജനങ്ങള്‍ക്ക് ഇരിക്കുന്നതിനുള്ള കസേര, കുടിവെള്ള സൗകര്യം, ടോയ്‌ലറ്റ് സൗകര്യം, നോട്ടീസ് ബോര്‍ഡ്, നിര്‍ദേശപ്രകാരമുള്ള മറ്റു സംവിധാനങ്ങള്‍ എന്നിവ ക്രമീകരിക്കേണ്ടത് തെരഞ്ഞെടുക്കപ്പെടുന്ന സംരംഭകരുടെ സ്വന്തം ഉത്തരവാദിത്തമാണ്.
അപേക്ഷ ഫീസായി 750/ രൂപ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അതിനൊപ്പം തന്നെ ഓണ്‍ലൈനായി അടക്കേണ്ടതാണ്. അപേക്ഷഫീസ് തിരികെ ലഭിക്കുന്നതല്ല. അപ്‌ലോഡ് ചെയ്യുന്നതും വെരിഫിക്കേഷന്‍ സമയത്ത് ഹാജരാക്കുന്നതുമായ എല്ലാ രേഖകളും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ളതായിരിക്കണം. അല്ലാത്ത അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. കേരളത്തിനു പുറത്തു നിന്നും വിദ്യാഭ്യാസ യോഗ്യത നേടിയിട്ടുള്ളവര്‍ വെരിഫിക്കേഷന്‍ സമയത്ത് തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. അപേക്ഷകന് ഇല്ലാത്ത യോഗ്യത ഒരു കാരണവശാലും അപേക്ഷയുടെ കൂടെ സമര്‍പ്പിക്കാനോ അവകാശപ്പെടാനോ പാടില്ല.
നിലവിലെ അക്ഷയ സംരംഭകരോ സംരംഭകത്വം റദ്ദ് ചെയ്യപ്പെട്ടവരോ ആയ വ്യക്തികളെ അപേക്ഷ സമര്‍പ്പിക്കാന്‍ പരിഗണിക്കുന്നതല്ല.
തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിച്ച ശേഷം സംരംഭകരായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ മുഴുവന്‍ സമയവും അക്ഷയ കേന്ദ്രത്തില്‍ ഉണ്ടായിരിക്കേണ്ടതും സമാന്തരമായി മറ്റ് ജോലികളില്‍ ഏര്‍പ്പെടാന്‍ പാടില്ലാത്തതുമാണ്. ഒരു വ്യക്തിയുടെ പേരില്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷ സമര്‍പ്പിക്കുന്നപക്ഷം പ്രസ്തുത അപേക്ഷകള്‍ എല്ലാം തന്നെ നിരസിക്കപ്പെടുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്താത്ത വിവരങ്ങള്‍/ യോഗ്യതകള്‍/ രേഖപ്പെടുത്താന്‍ വിട്ടുപോയവ/ അപ്ലോഡ് ചെയ്യാത്തവ/ തെറ്റി അപ്ലോഡ് ചെയ്തവ തുടങ്ങിയ വിവരങ്ങളോ, രേഖകളോ തുടര്‍ന്നുള്ള തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഉള്‍പ്പെടുത്തുന്നതല്ല. നിബന്ധനകള്‍ പാലിക്കാതെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്. മേല്‍ നിര്‍ദേശങ്ങള്‍ ഏതെങ്കിലും പാലിക്കപ്പെട്ടിട്ടില്ല എന്ന് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതെങ്കിലും ഘട്ടത്തില്‍ ബോധ്യപ്പെടുന്ന പക്ഷം പ്രസ്തുത അപേക്ഷ റദ്ദ് ചെയ്യുന്നതാണ്.
അപേക്ഷ സമര്‍പ്പിച്ച്, ഫീസ് അടച്ചു കഴിഞ്ഞാല്‍ പിന്നീട് തിരുത്തുന്നതിനോ വീണ്ടും അപേക്ഷ നല്‍കുന്നതിനോ സാധ്യമല്ല. അപേക്ഷകര്‍ക്കുള്ള എല്ലാ നിര്‍ദേശങ്ങളും അറിയിപ്പുകളും അപേക്ഷയില്‍ സമര്‍പ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി മുഖാന്തിരം മാത്രമായിരിക്കും. ആയതിനാല്‍ ഫോണ്‍നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രാരംഭ സ്‌ക്രീനിങ്ങില്‍ 30 ല്‍, കുറഞ്ഞത് ഒമ്പത് മാര്‍ക്ക് നേടിയവര്‍ക്കാണ് ഒ എം ആര്‍ പരീക്ഷയ്ക്ക് യോഗ്യതയുള്ളത്. ഒ എം ആര്‍ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയവരെയാണ് മൂന്നാം ഘട്ടമായ അഭിമുഖത്തിന് തിരഞ്ഞെടുക്കുന്നത്. അപേക്ഷകര്‍ അഭിമുഖത്തിന് എത്തുമ്പോള്‍ അപേക്ഷയില്‍ നല്‍കിയിട്ടുള്ളതും രേഖാമൂലം നല്‍കേണ്ടതുമായ സര്‍ട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും അസ്സല്‍ ഹാജരാക്കേണ്ടതാണ്.
ഓണ്‍ലൈന്‍ അപേക്ഷ, എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റും തുടര്‍ന്ന് അന്തിമ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ നിശ്ചിത ലൊക്കേഷനില്‍ താഴത്തെ നിലയില്‍ 300 സ്‌ക്വയര്‍ ഫീറ്റ് സ്ഥലസൗകര്യവും കമ്പ്യൂട്ടര്‍ അനുബന്ധ സംവിധാനങ്ങളും സജ്ജീകരിക്കേണ്ടതാണ്.
പരീക്ഷ, അഭിമുഖം എന്നിവ സംബന്ധിച്ചുള്ള അറിയിപ്പ് അപേക്ഷകന്റെ രജിസ്റ്റേഡ് മൊബൈലിലേക്കും ഇ മെയില്‍ ഐഡിയിലേക്കും പ്രൊഫൈല്‍ ലോഗിനിലും ആണ് ലഭ്യമാകുന്നത്. പരീക്ഷ ഹാള്‍ടിക്കറ്റ് പ്രൊഫൈല്‍ ലോഗിനില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഓണ്‍ലൈന്‍ അപേക്ഷ, 750 രൂപ ഫീസ് സഹിതം https://lbsedp.lbscentre.in/akshaya26/ ല്‍ സമര്‍പ്പിക്കണം. എല്‍ ബി എസ് ഹെല്‍പ്പ്ലൈന്‍ നമ്പര്‍: 0471 2560311, 312, വാട്സ് ആപ്പ്; 9400923669 ഇ-മെയില്‍: lbscentre@gmail.com, ഫോണ്‍: അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസ് – 0497 2712987









