അക്ഷയ തൃതീയ ദിനം; സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ പവന് 360 രൂപയുടെ കുറവ്. അതേ സമയം വെള്ളി വിലയിൽ മാറ്റമില്ല. ഇന്നലെ അക്ഷയ തൃതീയ ദിനത്തിൽ സംസ്ഥാനത്ത് സഹസ്രകോടികളുടെ സ്വർണ്ണ വില്പനയാണ് നടന്നത്.സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ (Kerala Gold Price) ഇന്ന് താഴ്ച്ച. ഒരു പവൻ സ്വർണ്ണത്തിന് 360 രൂപയും, ഗ്രാമിന് 45 രൂപയുമാണ് വില കുറഞ്ഞത്. ഇന്ന് പവന് 1,13,880 രൂപയും, ഗ്രാമിന് 14,235 രൂപയുമാണ് നിരക്ക്. രാജ്യാന്തര വിലയിലുണ്ടായ കുറവാണ് കേരളം അടക്കമുള്ള ആഭ്യന്തര വിപണികളിലും പ്രതിഫലിച്ചത്. കേരളത്തിലെ വെള്ളി വിലയിൽ (Kerala Silver Price) ഇന്ന് മാറ്റമില്ല.
അക്ഷയ തൃതീയയിൽ പൊടിപൊടിച്ച് വില്പന
ഇന്നലെ അക്ഷയ തൃതീയ ദിനത്തിൽ വലിയ സ്വർണ്ണ വില്പനയാണ് സംസ്ഥാനത്തെ ജ്വല്ലറികളിലുണ്ടായത്. ഇതേ ദിവസം സ്വർണ്ണം ഉൾപ്പെടെയുള്ള ലോഹങ്ങൾ വാങ്ങുന്നത് സൗഭാഗ്യദായകമാണ് എന്ന വിശ്വാസമാണുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വില്പന വരുമാനം ഉയർന്നെങ്കിലും, വില ഉയർന്നു നിൽക്കുന്നതിനാൽ വില്പന നടന്ന സ്വർണ്ണത്തിന്റെ അളവിൽ കുറവുണ്ടായി.

ഇന്നലെ വൈകുന്നേരമുള്ള കണക്കുകളിൽ ഏകദേശം 1,260 കോടി രൂപയുടെ സ്വർണ്ണ വ്യാപാരമാണ് അക്ഷയ തൃതീയ ദിനത്തിൽ സംസ്ഥാനത്ത് നടന്നത്. രാത്രി ഏറെ വൈകിയും ജ്വല്ലറികൾ തുറന്നിരുന്നതിനാൽ വില്പക്കണക്കുകൾ വീണ്ടും ഉയരാനും സാധ്യതയുണ്ട്

ഒരു പവൻ സ്വർണ്ണം വാങ്ങാൻ?
നിലവിൽ കേരളത്തിൽ ഒരു പവൻ സ്വർണ്ണം വാങ്ങണമെങ്കിൽ ഏകദേശം 1.23 ലക്ഷം രൂപയാണ് വില വരുന്നത്. കുറഞ്ഞ പണിക്കൂലിയായി 5% തുക കണക്കാക്കുമ്പോഴാണിത്. ജി.എസ്.ടി, ഹാൾമാർക്കിങ് ചാർജ്ജ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. അതേ സമയം, ഡിസൈൻ കൂടുതലുള്ള ആഭരണങ്ങൾക്ക് പണിക്കൂലി ഉയരുമെന്നതിനാൽ ആനുപാതികമായി വിലയിലും വർധനയുണ്ടാകും.

കേരളത്തിലെ സ്വർണ്ണ വില -ട്രെൻഡ്
പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം തുടർച്ചയായി കയറ്റിറക്കങ്ങളിലാണ് കേരളത്തിൽ സ്വർണ്ണ വ്യാപാരം നടന്നത്. ഏപ്രിൽ മാസത്തെ താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത് രണ്ടാം തിയ്യതി വൈകുന്നേരമാണ്. പവന് 1,09,240 രൂപയായിരുന്നു വില. ഇക്കഴിഞ്ഞ 18,19 തിയ്യതികളിലാണ് ഈ മാസത്തെ ഉയർന്ന നിരക്കായ പവന് 1,14,240 രൂപ നിലവാരം രേഖപ്പെടുത്തിയിരിക്കുന്നത്.

കേരളത്തിലെ വെള്ളി വില
സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് വമാറ്റമില്ല. ഒരു കിലോ വെള്ളിക്ക് 2,80,000 രൂപയാണ് വില. ഒരു ഗ്രാം വെള്ളിക്ക് 280 രൂപ, 8 ഗ്രാമിന് 2,240 രൂപ, 10 ഗ്രാമിന് 2,800 രൂപ, 100 ഗ്രാമിന് 28,000 രൂപ എന്നിങ്ങനെയാണ് വില നിലവാരം.

Top News from last week.