വീട്ടിൽ നിന്ന് മദ്യം പിടിച്ചെന്ന ആരോപണം: അറസ്റ്റ് പ്രതികാര നടപടി; തന്നെ കുടുക്കിയതെന്ന് ആന്റോ അഗസ്റ്റിൻ


വീട്ടിൽ നിന്ന് മദ്യം പിടിച്ചെന്ന ആരോപണം: അറസ്റ്റ് പ്രതികാര നടപടി; തന്നെ കുടുക്കിയതെന്ന് ആന്റോ അഗസ്റ്റിൻകൊച്ചി: വയനാട് വാഴവറ്റയിലെ തറവാട്ട് വീട്ടിൽ നിന്ന് മദ്യം പിടികൂടിയെന്ന ആരോപണത്തിൽ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത് പ്രതികാര നടപടിയാണെന്ന് റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ. തന്നെ കേസിൽ കുടുക്കിയതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

“ഞാൻ മദ്യപിക്കാറില്ല. അതുമായി ബന്ധപ്പെട്ട ഒരു കാര്യവും എനിക്കറിയില്ല. എക്സൈസുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ചും അറിയില്ല. പോയി നോക്കട്ടെ,” ആന്റോ അഗസ്റ്റിൻ പ്രതികരിച്ചു.
റിപ്പോർട്ടർ ഓഫീസിൽ എക്സൈസ് സംഘം നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്. എഫ്ഐആർ കൈമാറാതെ മണിക്കൂറുകളോളം തടഞ്ഞുവെച്ചതായും റിപ്പോർട്ടർ ടിവി ആരോപിച്ചു. പുലർച്ചെ രണ്ടരയോടെ ഓഫീസിലെത്തിയ എക്സൈസ് സംഘം രണ്ട് മണിക്കൂറിന് ശേഷമാണ് എഫ്ഐആർ കൈമാറിയത്.
അതേസമയം, അർജന്റീനയുടെ വരവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് റിപ്പോർട്ടർ ടിവി ഹെഡ് ഓഫീസിൽ പൊലീസ് പരിശോധന നടത്തിയത്. തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന പരിശോധന 21 മണിക്കൂറോളം നീണ്ടു.
പരിശോധനയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് എസിപി വിശദമായ പ്രതികരണം നൽകിയില്ല. റെയ്ഡിന്റെ വിശദാംശങ്ങൾ എസ്ഐടി തലവൻ വിശദീകരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.








