ആശാ സമരത്തെ ഒറ്റികൊടുത്തുവെന്ന ആരോപണം; ഐഎൻടിയുസി നിലപാട് തള്ളി കെപിസിസി, വിശദീകരണം നൽകി ആർ ചന്ദ്രശേഖരൻ

 

തിരുവനന്തപുരം: ആശാ സമരത്തെ ഒറ്റികൊടുത്തുവെന്ന സമരസമിതിയുടെ ആരോപണത്തിൽ ആർ ചന്ദ്രശേഖരൻ കെപിസിസി പ്രസിഡൻറിനെ നേരിട്ടുകണ്ട് വിശദീകരണം നൽകി. സമരം തീർക്കാൻ കമ്മീഷനെ വെക്കണമെന്ന നിർദേശം ചർച്ചയിൽ താൻ ഉന്നയിച്ചിട്ടില്ലെന്നാണ് വാദം. കെ സുധാകരനും വിഡി സതീശനും ഐഎൻടിയുസി നിലപാട് തള്ളിയതോടെയായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ ദിവസത്തെ ചർച്ച പൊളിയാൻ കാരണം ഐഎൻടിയുസി അടക്കമുള്ള ട്രേഡ് യൂണിയനുകളാണെന്ന് സമരസമിതി കുറ്റപ്പെടുത്തിയിരുന്നു.

 

സംഘടനാപരമായ നടപടികളുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ പരസ്യമായി അറിയിച്ചതോടെയാണ്, ആർ ചന്ദ്രശേഖരൻ കെപിസിസി ആസ്ഥാനത്തെത്തി കെ സുധാകരനെ കണ്ടത്. ആശാ സമരം ഒത്തുതീർക്കാനായി മന്ത്രി വിളിച്ച ചർച്ചയിൽ ഒരു പഠനസമിതിയെ വെക്കാമെന്ന നിർദേശം താനല്ല മുന്നോട്ടുവച്ചതെന്നാണ് ചന്ദ്രശേഖറിൻറെ വിശദീകരണം. ആശാ സമരസമിതിയുടെ ആരോപണം അടിസ്ഥാനമില്ലാത്തതാണ്.

 

അങ്കണവാടി ജീവനക്കാരുടെ സമരം ഒത്തുതീർന്ന അതേ മാതൃകയായതുകൊണ്ടാണ് കമ്മീഷനെ വെക്കാനുള്ള സർക്കാർ തീരുമാനത്തെ പിന്തുണച്ചത്. ബാക്കിയെല്ലാം മാധ്യമവാർത്തകളാണെന്നും ആർ ചന്ദ്രശേഖരൻ വിശദീകരിച്ചു. സമരം ഒത്തുതീർക്കണമെന്ന മനോഭാവം സമരസമിതി നേതാക്കൾക്കില്ലെന്നാണ് ഐഎൻടിയുസി പ്രസിഡൻറ് പറയുന്നത്.

ഓണറേറിയം കൂട്ടാൻ കമ്മീഷനെ വെക്കണമെന്ന നിലപാട് കോൺഗ്രസിനില്ലെന്നും ഇതിന് വിരുദ്ധമായി ഐഎൻടിയുസി നിലപാട് എടുത്തത് ഗൗരവത്തോടെ കാണുന്നു എന്നാണ് പ്രതിപക്ഷനേതാവ് പ്രതികരിച്ചത്. പ്രധാന ട്രേഡ് യൂണിയൻ നേതാക്കൾ ഒന്നിച്ചുനിന്ന് ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ആശാ സമരത്തെ ഒറ്റുകൊടുക്കാൻ ശ്രമിച്ചുവെന്ന ആരോപണമാണ് സമരസമിതി ഇന്ന് ഉയർത്തിയത്.

 

ആശാസമരത്തെ തുടക്കം മുതൽ എതിർത്ത ഐഎൻടിയുസി, കെസി വേണുഗോപാലിൻറെ കർശന നിർദേശത്തെതുടർന്നാണ് നിലപാട് മാറ്റിയത്. അത് ലംഘിച്ച് വീണ്ടും മുന്നോട്ടുപോയാലുണ്ടാകുന്ന രാഷ്ട്രീയ പ്രത്യാഘാതം ഭയന്നാണ് വിശദീകരണ നോട്ടീസ് വരുന്നതിന് മുന്നെ അധ്യക്ഷനെ അങ്ങോട്ട് പോയിക്കണ്ട് പ്രശ്‌നപരിഹാരത്തിനുള്ള ചന്ദ്രശേഖരൻറെ ശ്രമം.

Top News from last week.

Latest News

More from this section