വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസ്. മുകേഷ് അംബാനി നേതൃത്ത്വം നൽകുന്ന ഈ കമ്പനിയുടെ ഓഹരി 1,291 രൂപയിലാണ് കഴിഞ്ഞ വാരാന്ത്യത്തിൽ ക്ലോസിങ് നടത്തിയത്. ഈ ഓഹരിയിൽ പ്രമുഖ ആഗോള ഇൻവെസ്റ്റ്മെന്റ്-ബ്രോക്കിങ് സ്ഥാപനമായ ജെ.പി മോർഗൻ 1,660 രൂപ വരെ ഉയർച്ചാ സാധ്യത കണക്കാക്കുന്നു. ഇത് ഇപ്പോഴത്തെ വിലയേക്കാൾ ഏകദേശം 28% ഉയർച്ചയാണ്. ആകർഷകമായ വാല്യുവേഷനിലാണ് നിലവിൽ ഓഹരിയുള്ളതെന്നും വിലയിരുത്തുന്നു.
ജെ.പി മോർഗന്റെ വിലയിരുത്തൽ
എണ്ണശുദ്ധീകരണം, പെട്രോ കെമിക്കൽസ് എന്നീ മേഖലകളിൽ നിന്ന് കമ്പനിക്കുണ്ടാകുന്ന നേട്ടം തുടരുമെന്ന് ജെ.പി മോർഗൻ വിലയിരുത്തുന്നു. ഇന്ത്യൻ രൂപയുടെ മൂല്യം ദുർബലമാകുന്നതും ഗുണം ചെയ്യും.
ഈ ഘടകങ്ങൾ, വരും പാദങ്ങളിൽ റിലയൻസിന്റെ ഓയിൽ-ടു-കെമിക്കൽസ് ബിസിനസിൽ വരുമാനം ഉയരാൻ കാരണമാകും. സമീപകാലത്തായി ഓഹരി മോശം പ്രകടനം നടത്തിയെങ്കിലും, റിലയൻസിന്റെ വാല്യുവേഷൻ ആകർഷകമാണെന്നും ജെ.പി മോർഗൻ വിലയിരുത്തുന്നു.
റിലയൻസിന്റെ പുതിയ എനർജി ബിസിനസുകളുടെ കമ്മീഷനിങ് നിക്ഷേപകരുടെ താല്പര്യം വർധിപ്പിക്കുന്ന ഘടകമാണ്. നടപ്പ് സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം ഉയരാനും സാധ്യതകളുണ്ട്.
2026 സാമ്പത്തിക വർഷത്തിലെ റിലയൻസിന്റെ വാർഷിക റിപ്പോർട്ടിൽ , കമ്പനിയുടെ മൂലധനച്ചിലവ് 1.4 ട്രില്യൺ രൂപയാണ്. ഇത് തൊട്ടു മുമ്പത്തെ സാമ്പത്തിക വർഷത്തേക്കാൾ 10% വർധനവാണ്.
അതേ സമയം ക്യാഷ്ഫ്ലോയുമായി ബന്ധപ്പെട്ട മൂലധനച്ചിലവ് ഇതേ കാലയളവിൽ 11% കുറഞ്ഞ് 1.2 ട്രില്യൺ ഡോളറുകളായി മാറിയിരുന്നു. ഇവിടെ പേയ്മെന്റ് ടൈമിങ്ങിലെ വ്യത്യാസം, വിദേശ വിനിമയങ്ങളിലെ നഷ്ടം കുറയ്ക്കാനും സഹായകമായതായി വിലയിരുത്തുന്നു
സെഗ്മെന്റ് അടിസ്ഥാനത്തിൽ, 2026 സാമ്പത്തിക വർഷത്തിൽ ഓയിൽ-ടു കെമിക്കൽ ബിസിനസിലെ മൂലധനച്ചെലവ് 324 ബില്യൺ രൂപയാണ്. അതേ സമയം റീടെയിൽ ക്യാപെക്സ് 211 ബില്യൺ രൂപയിലേക്ക് വലിയ തോതിൽ കുറയുകയും ചെയ്തു. അൺ അലോക്കേറ്റഡ് സെഗ്മെന്റിലാണ് ഏറ്റവും കൂടുതൽ മുലധനച്ചെലവുള്ളത്.
2025 സാമ്പത്തിക വർഷത്തെ 312 ബില്യൺ രൂപയിൽ നിന്ന് 2026 സാമ്പത്തിക വർഷം 559 ബില്യൺ രൂപയിലേക്കാണ് ഉയർച്ച. ഭാവിയിൽ വളർച്ചാ സാധ്യതയുള്ള ഇനീഷ്യേറ്റീവുകളിൽ കമ്പനി നിക്ഷേപം തുടരുന്നതിന്റെ സൂചനയാണിതെന്നും ജെ.പി മോർഗന്റെ റിപ്പോർട്ടിൽ പറയുന്നു.









