അംബേദ്കർ ഗ്രാമം: മുല്ലക്കൊടി കോളനി വികസനത്തിന് ഒരു കോടിയുടെ ഭരണാനുമതി

മയ്യിൽ പഞ്ചായത്തിലെ മുല്ലക്കൊടി കോളനിയിലെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുന്നു. പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന അംബേദ്കർ ഗ്രാമ വികസന പദ്ധതിയുടെ ഭാഗമായി മുല്ലക്കൊടി കോളനിയിൽ ഒരു കോടി രൂപയുടെ വികസനപ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. നടപ്പാതകൾ, വീടുകളെ ബന്ധിപ്പിക്കുന്ന റോഡുകൾ, വഴിയോര ലൈറ്റുകൾ, വീടുകളുടെ അറ്റകുറ്റപ്പണി എന്നീ അടിസ്ഥാന സൗകര്യ വികസനം കോളനിയിൽ നടപ്പാകും. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി കോളനിവാസികളുടെ ജീവിത നിലവാരം ഉയർത്തി സമഗ്ര വികസനം സാധ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
40 പട്ടിക ജാതി കുടുംബങ്ങളിലായി 213 ആളുകൾ മുല്ലക്കൊടി കോളനിയിൽ താമസിക്കുന്നുണ്ട്. 30 വർഷം മുമ്പാണ് ഇവിടെ ആൾതാമസം  തുടങ്ങിയത്. എന്നാൽ വിവിധ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. കോളനിയിലേക്ക് എത്താൻ റോഡ് ഉണ്ടെങ്കിലും കോളനിക്കുള്ളിൽ വീടുകളിലേക്ക് എത്തിപ്പെടാൻ നടപ്പാതകളേയുള്ളൂ. കോളനിക്കുള്ളിലേക്ക് വാഹനങ്ങൾക്ക് എത്തിച്ചേരാൻ കഴിയില്ല. കുടിവെള്ളപ്രശ്‌നം രൂക്ഷമായ ഇടങ്ങളിൽ പഞ്ചായത്ത് ഇടപെട്ട് പൈപ്പ് ലൈൻ സ്ഥാപിച്ചാണ് പ്രശ്‌നം പരിഹരിച്ചത്. കോളനിയിൽ സ്ഥാപിച്ച ആനന്ദതീർഥ സാംസ്‌കാരിക നിലയവും ചെറിയ അറ്റക്കുറ്റപ്പണികളും മാത്രമേ ഇവിടെ നടന്നിട്ടുള്ളൂ.
എം വി ഗോവിന്ദൻ എം എൽ എ യുടെ പ്രത്യേക ഇടപെടലിലൂടെയാണ് അംബേദ്കർ ഗ്രാമം പദ്ധതി കോളനിക്ക് ലഭിച്ചത്. പദ്ധതിയിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉടൻ നിർമാണപ്രവൃത്തികൾ ആരംഭിക്കും. പദ്ധതി നടപ്പാകുന്നതോടെ തങ്ങളുടെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങൾക്ക് ശാശ്വതപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോളനി നിവാസികൾ.

Top News from last week.