ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ എത്താൻ ഭയപ്പെടുകയാണെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ ആത്മാവിനെ ആർ.എസ്.എസ് കവരുകയാണെന്നും എല്ലാ സർവകലാശാലകളുടെയും തലപ്പത്ത് സ്വന്തക്കാരെ പ്രതിഷ്ഠിച്ച് അവർ പരീക്ഷകൾ അട്ടിമറിക്കുകയാണെന്നും രാഹുൽ ഗാന്ധി പാർലമെന്റിൽ ആരോപിച്ചു.
വിദ്യാഭ്യാസ മന്ത്രാലയത്തെ പൂർണ്ണമായി നിയന്ത്രിക്കുന്നത് ആർ.എസ്.എസ് ആണെന്നും സ്വകാര്യവൽക്കരണത്തിലൂടെ വിദ്യാർത്ഥികളുടെ ലക്ഷക്കണക്കിന് രൂപ അവർ കവരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തിന്റെ ഭാവിയിൽ ആശങ്കയുണ്ട്. തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന യുവാക്കളുടെ കരുത്തിനെ ബി.ജെ.പി ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ബഹുമാനിക്കണമെന്നും ജന്ദർ മന്ദറിലെ വിദ്യാർത്ഥി പ്രതിഷേധത്തിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.
പ്രസംഗത്തിനിടെ വിദ്യാർത്ഥികളുമായുള്ള സംഭാഷണം പരാമർശിക്കവേ രാഹുൽ ഗാന്ധി നടത്തിയ ‘ഇഡിയറ്റ്’ എന്ന പ്രയോഗം സഭയിൽ ഭരണപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. വിദ്യാർത്ഥികളെ മാനിക്കാത്തവരെ എന്താണ് വിളിക്കുകയെന്ന് താൻ ചോദിച്ചപ്പോൾ ‘ഇഡിയറ്റ്’ എന്നാണ് ഒരു പെൺകുട്ടി മറുപടി നൽകിയതെന്ന് രാഹുൽ വ്യക്തമാക്കുകയായിരുന്നു. ഇതിനെത്തുടർന്ന് പാർലമെന്റിൽ ഭരണപക്ഷാംഗങ്ങൾ ബഹളം വെയ്ക്കാൻ തുടങ്ങി.
താൻ ഏതെങ്കിലും അംഗത്തെ ലക്ഷ്യമിട്ടല്ല സംസാരിച്ചതെന്നും വിദ്യാർത്ഥികളുടെ വികാരം പങ്കുവെക്കുക മാത്രമാണ് ചെയ്തതെന്നും രാഹുൽ വിശദീകരിച്ചു. പാർലമെന്റിലാണ് സംസാരിക്കുന്നതെന്ന കാര്യം ഓർക്കണമെന്ന് സ്പീക്കർ രാഹുലിന് മുന്നറിയിപ്പ് നൽകി. രാഹുൽ ഗാന്ധി മര്യാദകെട്ട ഭാഷ ഉപയോഗിക്കുകയാണെന്നും പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കണമെന്നും പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടു. തുടർന്ന്, സഭയിലെ നിലവാരമില്ലാത്ത പ്രയോഗങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്യുമെന്ന് സ്പീക്കർ അറിയിച്ചു.








